ലോകംകണ്ട ഏറ്റവുംവലിയ പ്രകൃതിദുരന്തം കേരളത്തിലുണ്ടായ മഹാപ്രളയമെന്ന് അന്താരാഷ്ട്ര റിപ്പോര്‍ട്ട്

ജനീവ: ഈ വര്‍ഷം ലോകംകണ്ട ഏറ്റവുംവലിയ പ്രകൃതിദുരന്തം കേരളത്തിലുണ്ടായ മഹാപ്രളയമെന്ന് അന്താരാഷ്ട്ര റിപ്പോര്‍ട്ട്. ആള്‍നാശം കണക്കാക്കിയാണിത്. സാമ്പത്തികനഷ്ടത്തിന്റെ കണക്കെടുപ്പില്‍ ആഗോളദുരന്തങ്ങളില്‍ നാലാമതാണ് ഓഗസ്റ്റിലുണ്ടായ പ്രളയം. ലോക കാലാവസ്ഥാസംഘടന (ഡബ്ല്യു.എം.ഒ.) വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കേരളത്തിലെ പ്രളയത്തിന്റെ ആഘാതം വിലയിരുത്തിയിട്ടുള്ളത്.
1924-നുശേഷം കേരളംകണ്ട ഏറ്റവുംവലിയ പ്രളയം 54 ലക്ഷംപേരെ ബാധിച്ചു. 223 പേര്‍ മരിച്ചു. 14 ലക്ഷം പേര്‍ക്ക് വീടുവിട്ടുപോകേണ്ടിവന്നു. സംസ്ഥാനത്തിന് 30,000 കോടി രൂപയുടെ (430 കോടി യു.എസ്. ഡോളര്‍) സാമ്പത്തികനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, 483 പേര്‍ മരിച്ചതായാണ് സംസ്ഥാനത്തിന്റെ കണക്ക്.
ജപ്പാന്‍, കൊറിയ, നൈജീരിയ എന്നിവിടങ്ങളിലുണ്ടായ പ്രളയവും പാകിസ്താനിലുണ്ടായ ഉഷ്ണതരംഗവുമാണ് ആള്‍നാശത്തിന്റെ കാര്യത്തില്‍ കേരളത്തിന് തൊട്ടുപിന്നിലുള്ളത്. സെപ്റ്റംബറില്‍ യു.എസിലുണ്ടായ ഫ്‌ളോറന്‍സ് ചുഴലിക്കാറ്റാണ് ഏറ്റവുംവലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയത്. 35,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ആള്‍നാശത്തില്‍ കേരളത്തിന് തൊട്ടുപിന്നിലുള്ള ജപ്പാനില്‍ ജൂണ്‍-ജൂലായ് മാസങ്ങളിലുണ്ടായ പ്രളയത്തില്‍ 230 പേര്‍ മരിച്ചു. െസപ്റ്റംബറില്‍ നൈജീരിയയിലുണ്ടായ പ്രളയത്തില്‍ നൂറിലേറെപ്പേര്‍ മരിച്ചു. ഉത്തരകൊറിയയിലെ വെള്ളപ്പൊക്കത്തില്‍ 76 പേര്‍ മരിച്ചു. 75 പേരെ കാണാതായി. പാകിസ്താനിലെ ഉഷ്ണതരംഗത്തില്‍ 65 പേരാണ് മരിച്ചത്.
2017-ല്‍ ഇന്ത്യയിലാകെ മഴക്കെടുതികളിലും വെള്ളപ്പൊക്കത്തിലുമുണ്ടായതിലുമേറെയാണ് കേരളത്തിലെ മഹാപ്രളയത്തിലുണ്ടായ നഷ്ടം. വീട്, കൃഷിനാശമുള്‍പ്പെടെ 18,279 കോടി രൂപയുടെ നഷ്ടമാണ് ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം ഉണ്ടായതെന്ന് കേന്ദ്ര ജലക്കമ്മിഷന്‍ വിലയിരുത്തുന്നു. എന്നാല്‍, കേരളത്തില്‍ മഹാപ്രളയമുണ്ടാക്കിയത് 20,000 കോടിരൂപയുടെ നഷ്ടമാണെന്നാണ് ജലക്കമ്മിഷന്‍ വിലയിരുത്തല്‍.
എന്നാല്‍, നഷ്ടം ഇതിലെത്രയോ അധികമാണെന്ന് ലോകബാങ്കും യു.എന്നും സംസ്ഥാനസര്‍ക്കാരും കണക്കാക്കുന്നു. ലോകബാങ്കും യു.എന്നും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 31,000 കോടിരൂപയുടെ നഷ്ടം സൂചിപ്പിക്കുന്നു. യഥാര്‍ഥ നഷ്ടം ഇതിലുമേറെയാണെന്ന് സംസ്ഥാനസര്‍ക്കാര്‍ വാദിക്കുന്നു.
സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ 33 ലക്ഷംപേരുടെ തൊഴിലവസരങ്ങളെ പ്രളയം പ്രതിസന്ധിയിലാക്കിയെന്ന് ക്ലൈമറ്റ് ട്രെന്‍ഡ്‌സ് എന്ന കാലാവസ്ഥാ ഗവേഷണസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥാമാറ്റമാണ് കേരളത്തില്‍ അസാധാരണ മഴയ്ക്കിടയാക്കിയതെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പും കഴിഞ്ഞദിവസം റിപ്പോര്‍ട്ടുചെയ്തിരുന്നു.

മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും,മരണം -483,ബാധിച്ചത് -3,91,484 കുടുംബങ്ങള്‍,
ദുരിതാശ്വാസ ക്യാമ്പില്‍- 14,50,707 പേര്‍,യു.എന്നും ലോകബാങ്കും വിലയിരുത്തിയ നഷ്ടം -31,000 കോടിരൂപ,
പൂര്‍ണമായി തകര്‍ന്നത് -16,807 വീടുകള്‍

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7