ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന വാര്‍ത്തയുടെ ചൂടാറും മുമ്പ് ഉപയോക്താക്കളെ ഞെട്ടിച്ച് മറ്റൊരു വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നും, കേംബ്രിജ് അനലിറ്റിക്ക പോലുള്ള സ്ഥാപനങ്ങള്‍ അനധികൃതമായി കൈവശപ്പെടുത്തിയെന്നുമുള്ള വിവാദങ്ങള്‍ കത്തിനില്‍ക്കുകയാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട വാര്‍ത്ത പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
പരസ്യദാതാക്കളില്‍ നിന്നും കൂടുതല്‍ പണം കൈക്കാലാക്കാന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്സ്ബുക്ക് തന്നെ വില്‍ക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് കോടതി രേഖകളില്‍ നിന്നും ചോര്‍ന്ന ഇമെയില്‍ സന്ദേശങ്ങള്‍ വ്യക്തമാക്കുന്നത്.
ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഫെയ്സ്ബുക്ക് വില്‍ക്കുന്നില്ലെന്നാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ പറഞ്ഞത്. എന്നാല്‍ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങളില്‍ നിന്നും ലാഭമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് 2012നും 2014 നും ഇടയില്‍ അയക്കപ്പെട്ട ഈ സന്ദേശങ്ങള്‍ വ്യക്തമാക്കുന്നത്.
സിക്സ് ഫോര്‍ ത്രീ എന്ന ആപ്പ് ഡെവലപ്പറില്‍ നിന്നും ബ്രിട്ടീഷ് അധികൃതര്‍ പിടിച്ചെടുത്ത രഹസ്യരേഖകളുടെ പേരില്‍ ഫെയ്സ്ബുക്ക് ഇപ്പോള്‍ നിയമനടപടി നേരിടുകയാണ്. നിശ്ചിത പണം നല്‍കാത്ത ഡെവലപ്പര്‍മാര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവക്കുന്നത് വരെയുള്ള കാര്യങ്ങള്‍ ഫെയ്സ്ബുക്കിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നതായി ഈ രേഖകളില്‍ പറയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്തായാലും വ്യക്തിവിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ പേരില്‍ ഫെയ്സ്ബുക്കിന് മേല്‍ കുരുക്കുകള്‍ മുറുകുകയാണ്. ഇതിനോടകം കോടികളുടെ നഷ്ടം ഫെയ്സ്ബുക്കിന് സംഭവിച്ചിട്ടുണ്ട്.