‘നിങ്ങള്‍ക്ക് ഇവനെ എവിടെനിന്നു കിട്ടി?’ധോണിയെകുറിച്ച് മുഷറഫ് ഗാംഗുലിയോട് ചോദിച്ചത്!

കൊല്‍ക്കത്ത: ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിനെ അടക്കിഭരിച്ച സാക്ഷാല്‍ മഹേന്ദ്രസിങ് ധോണിയുമൊത്തുള്ള തുടക്കകാലത്തെ അനുഭവങ്ങള്‍ പങ്കുവച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. 2005-06 കാലഘട്ടത്തിലെ സംഭവമാണ് പ്രതിപാദ്യം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാന്‍ പര്യടനത്തിനായി എത്തിയ സമയം. മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ വരവറിയിച്ചു തുടങ്ങിയ കാലമായിരുന്നു ഇത്. ധോണിയുടെ നീട്ടിയ മുടിയും വന്യമായ ആക്രമണശൈലിയും ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്ന കാലം. ധോണിയുടെ ആദ്യ പാക്കിസ്ഥാന്‍ പര്യടനം കൂടിയായിരുന്നു അത്.
പാക്കിസ്ഥാന്‍ പര്യടനത്തിലും ധോണി മോശമാക്കിയില്ല. അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര ഇന്ത്യ 41ന് ജയിക്കുമ്പോള്‍ ശ്രദ്ധ കവര്‍ന്ന താരങ്ങളിലൊരാള്‍ ധോണിയായിരുന്നു. ആദ്യ ഏകദിനത്തില്‍ 53 പന്തില്‍ 68 റണ്‍സെടുത്താണ് ധോണി വരവറിയിച്ചത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സെഞ്ചുറി നേടിയ ഈ മല്‍സരത്തില്‍ ഇന്ത്യ 328 റണ്‍സ് നേടിയെങ്കിലും മഴ തടസ്സപ്പെടുത്തിയ മല്‍സരം ഡക്ക്വര്‍ത്ത്‌ലൂയിസ് നിയമത്തിന്റെ ആനുകൂല്യത്തില്‍ പാക്കിസ്ഥാന്‍ ഏഴു റണ്‍സിനു ജയിച്ചു.
എന്നാല്‍ തുടര്‍ന്നുള്ള നാലു മല്‍സരങ്ങളും ഇന്ത്യ ജയിച്ചു. ഇതില്‍ രണ്ടാം ഏകദിനത്തില്‍ ധോണി ബാറ്റിങ്ങിന് ഇറങ്ങും മുന്‍പേ ഇന്ത്യ ജയിച്ചു. അടുത്ത മൂന്നു മല്‍സരങ്ങളിലും രണ്ടാമതു ബാറ്റു ചെയ്ത ഇന്ത്യയ്ക്കായി പുറത്താകാതെ നിന്ന് ധോണി സമ്മാനിച്ച് എന്നെന്നും ഓര്‍മിക്കാന്‍ മൂന്ന് തകര്‍പ്പന്‍ വിജയങ്ങള്‍. മൂന്നാം ഏകദിനത്തില്‍ 46 പന്തില്‍ പുറത്താകാതെ 72 റണ്‍സ്‌ േനടിയാണ് ധോണി ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. നാലാം ഏകദിനത്തില്‍ പുറത്താകാതെ രണ്ടു റണ്‍സ് നേടിയപ്പോഴേയ്ക്കും വിജയം കയ്യിലായി. അഞ്ചാം ഏകദിനത്തില്‍ 56 പന്തില്‍ ആറു ബൗണ്ടറിയും നാലു സിക്‌സും സഹിതം 77 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ധോണി, മൂന്നാം വിക്കറ്റില്‍ യുവരാജിനൊപ്പം 146 റണ്‍സിന്റെ കൂട്ടുകെട്ടും തീര്‍ത്തു. തുടര്‍ന്നു നടന്ന ടെസ്റ്റ് പരമ്പരയിലും ധോണി സെഞ്ചുറി നേടി.
ധോണി കത്തിനിന്ന ഈ പരമ്പരയ്ക്കിടെ, ധോണിയുടെ നീളന്‍ മുടിയോടുള്ള ഇഷ്ടം മുഷറഫ് വെളിപ്പെടുത്തിയത് അന്ന് വാര്‍ത്തയായിരുന്നു. ഈ മുടി മുറിക്കരുതെന്നും അന്ന് മുഷറഫ് ധോണിയോട് സ്‌നേഹപൂര്‍വം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, പരമ്പരയ്ക്കിടെ മുഷറഫുമായി കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം ഉന്നയിച്ച ഒരു ചോദ്യത്തെക്കുറിച്ചാണ് ഗാംഗുലി ഓര്‍മിച്ചത്.
‘നിങ്ങള്‍ക്ക് ഇവനെ എവിടെനിന്നു കിട്ടി?’
മുഷറഫിന് അറിയേണ്ടിയിരുന്നത് ഇത്രമാത്രം. പരമ്പരയില്‍ ധോണിയുടെ പ്രകടനം കണ്ട ഓരോ പാക്കിസ്ഥാന്‍കാരനും ചോദിക്കാന്‍ ആഗ്രഹിച്ച ചോദ്യം.
ഇതിനുള്ള ഗാംഗുലിയുടെ മറുപടിയും രസകരമായിരുന്നു. ‘വാഗാ ബോര്‍ഡറിലൂടെ നടക്കുമ്പോഴാണ് ധോണിയെ കണ്ടത്. ഉടനെ വലിച്ച് ഇന്ത്യയിലേക്കിട്ട് ഞങ്ങള്‍ സ്വന്തമാക്കി.

pathram:
Leave a Comment