ഇന്ത്യാ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ വിജയികളെ പ്രവചിച്ച് വിവിഎസ് ലക്ഷ്മണ്‍

ഹൈദരാബാദ്: ഇന്ത്യാ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ വിജയികളെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ഏഴ് പതിറ്റാണ്ടായി ഓസ്‌ട്രേലിയയില്‍ ഒരു ടെസ്റ്റ് പരമ്പര നേടാന്‍ കഴിയാത്ത ഇന്ത്യ ഇത്തവണ വിരാട് കോലിയുടെ നേതൃത്വത്തില്‍ അത് നേടുമെന്നാണ് ലക്ഷ്മണിന്റെ പ്രവചനം.
പരമ്പര നേടാന്‍ ഇതിലും വലിയ അവസരം ഇന്ത്യക്ക് ഇനി ലഭിക്കാനില്ല. ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ ടെസ്റ്റുകള്‍ സമനിലയാവാനുള്ള സാധ്യതകള്‍ കുറവാണ്. അതുകൊണ്ടുതന്നെ സ്റ്റീവന്‍ സ്മിത്തും, ഡേവിഡ് വാര്‍ണറുമില്ലാതെ ഇറങ്ങുന്ന ഓസ്‌ട്രേലിയയെ കീഴടക്കി പരമ്പര നേടാന്‍ ഇതിലും വലിയ അവസരം ഇന്ത്യക്ക് ഇനി ലഭിക്കാനില്ല. അത് സ്വന്തമാക്കാനുള്ള നിലവാരമുള്ള കളിക്കാര്‍ നമുക്കുണ്ട്. അവരെന്റെ പ്രവചനം യാഥാര്‍ത്ഥ്യമാക്കട്ടെയെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു-ലക്ഷ്മണ്‍ പറഞ്ഞു.
ഓസ്‌ട്രേലിയക്കെതിരെ എന്നും വെരി വെരി സ്‌പെഷല്‍ ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുള്ള ലക്ഷ്മണ്‍ അടുത്തിടെയാണ് തന്റെ ആത്മകഥയായ ‘281 ആന്‍ഡ് ബിയോണ്ട്’ പുറത്തിറക്കിയത്. ഓസീസിനെതിരെ കൊല്‍ക്കത്ത ടെസ്റ്റില്‍ നേടിയ 281 റണ്‍സിന്റെ ഓര്‍മക്കായാണ് ആത്മകഥക്ക് അതേ പേര് തന്നെ നല്‍കിയത്. നിലവില്‍ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാമതും ഓസ്‌ട്രേലിയ അഞ്ചാമതുമാണ്. അടുത്ത മാസം ആറിന് അഡ്ലെയ്ഡിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. നാലു മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

pathram:
Related Post
Leave a Comment