ഓസ്ട്രേലിയക്കെതിരായ അവസാന ട്വന്റി ട്വന്റിയില്‍ ഇന്ത്യക്ക് ജയം; പരമ്പര സമനിലയില്‍

സിഡ്നി: ഓസീസിനെതിരായ അവസാന ട്വന്റി ട്വന്റിയില്‍ ഇന്ത്യക്ക് വിജയം. രണ്ട് പന്ത് ബാക്കിനില്‍ക്കെ ആറു വിക്കറ്റിന് ഇന്ത്യ ഓസീസിനെ പരാജയപ്പെടുത്തി. ഇതോടെ പരമ്പര സമനിലയില്‍ പിരിഞ്ഞു. ആദ്യ ട്വന്റി-20യില്‍ ഓസ്ട്രേലിയ വിജയിച്ചിരുന്നു. രണ്ടാം ട്വന്റി-20 മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു.
165 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കായി രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹിത് 16 പന്തില്‍ 23 റണ്‍സും ധവാന്‍ 22 പന്തില്‍ 41 റണ്‍സും നേടിയ പിന്നീട് കെ.എല്‍ രാഹുലും വിരാട് കോലിയും ചേര്‍ന്ന് ഇന്ത്യയുടെ ഇന്നിങ്സ് മുന്നോട്ടു നയിച്ചു. ഇരുവരും മൂന്നാം വിക്കറ്റില്‍ 41 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 14 റണ്‍സെടുത്ത കെ.എല്‍ രാഹുല്‍ പുറത്തായതിന് തൊട്ടുപിന്നാലെ ഋഷഭ് പന്തും ക്രീസ് വിട്ടു. നേരിട്ട ആദ്യ പന്തില്‍ തന്നെ ഋഷഭ് പുറത്താകുകയായിരുന്നു.
പിന്നീട് അഞ്ചാം വിക്കറ്റില്‍ വിരാട് കോലിക്കൊപ്പം ചേര്‍ന്ന ദിനേശ് കാര്‍ത്തിക് ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു. കോലി 41 പന്തില്‍ നാല് ഫോറും രണ്ട് സിക്സുമടക്കം 61 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 22 റണ്‍സെടുത്ത കാര്‍ത്തിക് മികച്ച പിന്തുണ നല്‍കി. ഇരുവരും അഞ്ചാം വിക്കറ്റില്‍ പുറത്താകാതെ 60 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. നാല് ഓവറില്‍ 36 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ക്രുണാല്‍ പാണ്ഡ്യയുടെ ബൗളിങ്ങായിരുന്നു മത്സരത്തിലെ ഹൈലൈറ്റ്. ട്വന്റി-20 കരിയറിലെ ക്രുണാലിന്റെ മികച്ച ബൗളിങ് പ്രകടനമാണിത്.
ഓസീസിനായി ഓപ്പണിങ് വിക്കറ്റില്‍ ഡാര്‍സി ഷോര്‍ട്ടും ആരോണ്‍ ഫിഞ്ചും 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 28 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിനെ പുറത്താക്കി കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടുപിന്നാലെ 33 റണ്‍സുമായി ഷോര്‍ട്ടും പുറത്തായി. അടുത്ത പന്തില്‍ മക്‌ഡെര്‍മോട്ടിനേയും (പൂജ്യം) ക്രുണാല്‍ തിരിച്ചയച്ചു.
16 പന്തില്‍ രണ്ടു ബൗണ്ടറിയടക്കം 13 റണ്‍സെടുത്ത മാക്‌സ്വെല്ലായിരുന്നു ക്രുണാലിന്റെ അടുത്ത ഇര. ഇതോടെ നാല് വിക്കറ്റിന് 90 റണ്‍സ് എന്ന നിലയിലായി ഓസീസ്. തന്റെ നാലാം ഓവറില്‍ അലക്‌സ് കറേയേയും പുറത്താക്കി ക്രുണാല്‍ നാല് വിക്കറ്റ് നേട്ടത്തിലെത്തി. 13 റണ്‍സെടുത്ത ക്രിസ് ലിന്നിനെ ബുംറ നേരിട്ടുള്ള ഏറില്‍ ബുംറ റണ്‍ഔട്ടാക്കി. 25 റണ്‍സുമായി സ്റ്റോയിന്‍സും 13 റണ്‍സോടെ കോള്‍ട്ടര്‍നീലും പുറത്താകാതെ നിന്നു.

pathram:
Related Post
Leave a Comment