സിബിഐ ദേശീയ സുരക്ഷാ ഉപദേഷ്ടാവന്റെ ടെലിഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതായി ആരോപണം

ഡല്‍ഹി: സിബിഐ ഉന്നത ഉദ്യോഗസ്ഥര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവന്റെ ടെലിഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതായി ആരോപണം. സിബിഐയിലെ തര്‍ക്കം ഇതോടെ പുതിയ തലത്തിലേക്ക് മാറിയിരിക്കുകയാണ്. തന്റെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആരോപിച്ചു. അജിത് ഡോവല്‍ രാകേഷ് അസ്താനയുമായി സംസാരിച്ച വിവരങ്ങളും ഒപ്പം തന്നെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതിന്റെ വിവരങ്ങളും ചോര്‍ത്തിയതായാണ് വിവരം.
കഴിഞ്ഞ ദിവസം സിബിഐ ഡിഐജി ആയ മനീഷ് സിംഹ സുപ്രിംകോടതയില്‍ നല്‍കിയ ഹര്‍ജിയില്‍ അജിത് ഡോവലിന്റെയും നിയമ സെക്രട്ടറി സുരേഷ് ചന്ദ്രയുടെ ടെലിഫോണ്‍ വിവരങ്ങളടക്കമുള്ള കാര്യങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. ഹര്‍ജിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉന്നതരുടെയടക്കം ഫോണ്‍ വിവരങ്ങള്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മയുടെ നിര്‍ദേശ പ്രകാരം ചോര്‍ത്തിയെന്ന് സര്‍ക്കാര്‍ കരുതുന്നത്. ഇത് സംബന്ധിച്ച് ഉന്നതതല അന്വേഷണം തുടങ്ങിയതായും വിവരമുണ്ട്.
നേരത്തെ സിബിഐക്കുള്ളിലെ ഇത്തരം വിവരങ്ങള്‍ പുറത്തുവരുന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ കൂടി പുറത്തേക്ക് വരുമ്പോള്‍ സിബിഐലെ തര്‍ക്കം അതീവ ഗൗരവമായ സുരക്ഷാ വീഴ്ചയിലേക്ക് വരെ നയിച്ചുവെന്നാണ് വ്യക്തമാകുന്നത്. ഫോണ്‍ കോള്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അനുമതി ആവശ്യമാണ്. പ്രത്യേക സാഹര്യത്തില്‍ അന്വേഷണ ഏജന്‍സിയുടെ ഡയറക്ടര്‍മാര്‍ക്ക് ഫോണ്‍ ചോര്‍ത്താന്‍ ഉത്തരവിടാന്‍ അധികാരമുണ്ട്. എന്നാല്‍ മൂന്ന് ദിവസത്തിനകം ഇത് ആഭ്യന്തര സെക്രട്ടറിയെ അറിയിച്ച് അനുമതി വാങ്ങണമെന്നും ചട്ടമുണ്ട്. മൂന്ന് ദിവസത്തിനകം അനുമതി ലഭിച്ചില്ലെങ്കില്‍ ഫോണ്‍ ചോര്‍ത്തല്‍ അനുമതി ടെലികോം കമ്പനി റദ്ദാക്കണമെന്നുമാണ് നിയമം.
അതേസമയം തന്നെ സിം ക്ലോണിങ് അടക്കമുള്ള ക്രമക്കേടുകളും നടത്തിയെന്നും സംശയം ഉയരുന്നുണ്ട്. നിയമ സെക്രട്ടറി സുരേഷ് ചന്ദ്രയുടെ ഫോണില്‍ നിന്ന് നേരത്തെ സിബിഐയേയും സതീഷ് സേനയേയും വിളിച്ചു എന്ന ആരോപണം ഡിഐജി മനീഷ് സിംഹ ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. ലണ്ടനില്‍ നിന്ന് വിളിച്ചതായാണ് ആരോപണം.

എന്നാല്‍ ഹര്‍ജിയില്‍ പറയുന്ന സമയത്ത് താന്‍ ലണ്ടനിലായിരുന്നില്ലെന്നും ഏത് സമയത്താണ് ലണ്ടനില്‍ പോയതെന്നും സുരേഷ് ചന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സിം ക്ലോണിങ് നടത്തി സുരേഷ് ചന്ദ്രയുടെ ഫോണില്‍ നിന്ന് മറ്റാരെങ്കിലും ലണ്ടനില്‍ നിന്ന് വിളിച്ചതാകാമെന്ന് സംശയിക്കുന്നത്. ഗുരുതരമായ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഗൗരവമായി ഇടപെട്ട് ഉന്നത തല അന്വേഷണം തുടങ്ങിയതായാണ് സൂചന.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7