പത്തനംതിട്ട: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തോടൊപ്പം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള എംഎല്‍എമാരും ബിജെപിയുടെ ഉന്നത നേതാക്കളും നാളെ മലകയറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. തടയാന്‍ ധൈര്യം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ തടയട്ടെ. ദേശീയ പാര്‍ട്ടിയായ ബിജെപിയോട് പോരാടാന്‍ സിപിഎമ്മിന് ശേഷിയില്ലെന്ന് ഓര്‍ക്കണമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി
സര്‍ക്കാര്‍ സമ്മതിച്ചാല്‍ ശബരിമലയിലും പമ്പയിലും എല്ലാവിധ അടിസ്ഥാന സൗകര്യവും ബിജെപിയുടെ വോളണ്ടിയര്‍മാര്‍ നല്‍കും. നിലവിലുള്ള സാഹചര്യങ്ങള്‍ കേന്ദ്രത്തെ ധരിപ്പിച്ചു നിയമപരമായ നടപടികളിലേക്കു നീങ്ങും. ഡിജിപി വരത്തനാണ്. ഇവിടെത്തെ ആചാരങ്ങള്‍ അറിയില്ല. അതുകൊണ്ടാണ് ഇതുവരെ പൊലീസിനെ സ്വാമിയെന്നു വിളിച്ചുകൊണ്ടിരുന്നത് ഇനിമുതല്‍ വേണ്ടെന്ന് പറഞ്ഞതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. പത്തനംതിട്ടയില്‍ സായാഹ്ന ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍.
അതേസമയം ഹിന്ദു വിരുദ്ധ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ ആരോപിച്ചു. അതിന്റെ ഭാഗമായാണ് ശബരിമലയെ തകര്‍ക്കാനുള്ള നീക്കം. ശബരിമലയിലെയും പമ്പയിലെയും അടിസ്ഥാന സൗകര്യ വികസനത്തിന് നൂറ് കോടി കേന്ദ്രം നല്‍കിയത് എവിടെപ്പോയെന്നും രാജഗോപാല്‍ ചോദിച്ചു.