ഹൈദരാബാദ്: ടീമിന് പുറത്തായതിനു പിന്നില്‍ ധോനിയല്ല… വെളിപ്പെടുത്തലുമായി ലക്ഷ്മണ്‍.
കളത്തിനകത്തായാലും പുറത്തായാലും വിവാദങ്ങളിലും കളിക്കളത്തിലെ ഏറ്റുമുട്ടലുകളിലും ഭാഗമാകാത്ത താരമാണ് വി.വി.എസ് ലക്ഷ്മണ്‍. എന്നാല്‍ അങ്ങനെയുള്ള ലക്ഷ്മണിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് വലിയൊരു വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. അന്നത്തെ ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ എം.എസ് ധോനിയെ ചുറ്റിപ്പറ്റിയായിരുന്നു അത്. ലക്ഷ്മണ്‍ ടീമിന് പുറത്തായതിനു പിന്നില്‍ ധോനിയാണെന്നായിരുന്നു അന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതിനു ശേഷം ഇരുവരും ഒന്നിച്ച് വേദി പങ്കിടുകയും ചെയ്തിട്ടില്ല. ഇത് ഇത്തരം റിപ്പോര്‍ട്ടുകളെ സാധൂകരിക്കുന്ന തരത്തിലാകുകയും ചെയ്തു.
എന്നാലിപ്പോഴിതാ ക്രിക്കറ്റ് കരിയറിലെ ഏക വിവാദത്തിന് ‘281 ഉം അതിനപ്പുറവും’ എന്ന തന്റെ ആത്മകഥയിലൂടെ വിരാമമിട്ടിരിക്കുകയാണ് ലക്ഷ്മണ്‍. തന്റെ വിരമിക്കലിനു പിന്നില്‍ ധോനിക്ക് യാതൊരു റോളുമില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മാധ്യമ വാര്‍ത്തകളാണ് ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയതെന്നും ലക്ഷ്മണ്‍ ആത്മകഥയില്‍ പറയുന്നു.
സംഭവം ലക്ഷ്മണ്‍ വിവരിക്കുന്നത് ഇങ്ങനെ; വിരമിക്കുന്നതിനെ കുറിച്ച് മാധ്യമങ്ങളെ അറിയിച്ചതിനു പിന്നാലെ നിങ്ങള്‍ ടീമിനെ ഇക്കാര്യം അറിയിച്ചോ, ധോനിയോട് പറഞ്ഞോ, എന്നിട്ട് ധോനി എന്തു പറഞ്ഞു തുടങ്ങിയ ചോദ്യങ്ങള്‍ വരാന്‍ തുടങ്ങി. ഇതിനു മറുപടിയായി തമാശ രൂപേണ പറഞ്ഞ ഒരു കാര്യമാണ് ഇത്രയും തെറ്റിദ്ധാരണകള്‍ക്ക് കാരണമായത്. ധോനിയെ സമീപിക്കുന്നത് എത്ര ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് എല്ലാവര്‍ക്കു അറുയുന്നതല്ലേ എന്നായിരുന്നു താന്‍ തമാശയായി പറഞ്ഞത്. എന്നാല്‍ ഇത് എന്റെ ക്രിക്കറ്റ് കരിയറിലെ ഒരേയൊരു വിവാദത്തിന് തിരികൊളുത്തുമെന്ന് അറിഞ്ഞിരുന്നില്ല, ലക്ഷ്മണ്‍ കുറിച്ചു.
ഞാന്‍ അറിയാതെ മാധ്യമങ്ങള്‍ക്ക് ഒരു ഇരയെ നല്‍കുകയായിരുന്നു. ബാക്കിയെല്ലാം അവര്‍ ഊഹിച്ചെടുത്തു. ഞാന്‍ വിരമിച്ചത് ധോനിയുമായുള്ള പ്രശ്നങ്ങളുടെ പേരിലാണെന്നും ഞങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നുവെന്നും അവര്‍ എഴുതി.
അവസാന ടെസ്റ്റിനു ശേഷം ഹോട്ടലില്‍ ടീം അംഗങ്ങളോടും മറ്റും നന്ദി പറയുകയായിരുന്നു താന്‍. ഇതിന്റെ ഭാഗമായി ധോനിയെ കണ്ടപ്പോള്‍ അദ്ദേഹം എന്നെ നോക്കി പൊട്ടിച്ചിരിക്കുകയായിരുന്നു. ലക്ഷ്മണ്‍ ഭായ്, നിങ്ങള്‍ക്ക് ഇത്തരം വിവാദങ്ങള്‍ പരിചയമില്ലാത്തതാണ്, എന്നാല്‍ എനിക്ക് അങ്ങനെയല്ല. ഇതൊന്നും കാര്യമാക്കേണ്ട, ചില സമയത്ത് വസ്തുതകളെന്നത് ഒരു നല്ല കഥപോലെയായിരിക്കില്ലെന്നും ധോനി പറഞ്ഞതായി ലക്ഷ്മണ്‍ കുറിക്കുന്നു. ധോനിയുടെ ആ സമയത്തെ പക്വതയോടെയുള്ള സമീപനത്തില്‍ താന്‍ സ്തബ്ധനായിപ്പോയെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു
Leave a Comment