എന്തുവന്നാലും ശനിയാഴ്ച സന്നിധാനത്ത് പ്രവേശിക്കും; ആക്രമണം ഉണ്ടായാല്‍ ഉത്തരവാദി മുഖ്യമന്ത്രി; വെള്ളിയാഴ്ച കേരളത്തിലെത്തുമെന്നും തൃപ്തി ദേശായി; അവരാരാണെന്ന് പിണറായി….

പുനെ/ തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി വെള്ളിയാഴ്ച കേരളത്തിലെത്തുമെന്ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. എന്തുവന്നാലും വൃശ്ചികം ഒന്നിന് ശബരിമലയില്‍ പ്രവേശിക്കുമെന്നും അവര്‍ പറഞ്ഞതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷ ഇല്ലെങ്കിലും ശബരിമലയിലേക്ക് പോകുമെന്നും തനിക്ക് നേരെ ആക്രമണമുണ്ടായാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കുമെന്നും തൃപ്തിദേശായി പറഞ്ഞു.
വെള്ളിയാഴ്ച പുലര്‍ച്ചെ കേരളത്തിലേക്ക് പോകുമെന്നും അവര്‍ പറഞ്ഞു. ഭൂമാത ബ്രിഗേഡിലെ ആറ് യുവതികള്‍ക്കൊപ്പമാണ് തൃപ്തി ദേശായി എത്തുന്നത്.

എന്നാല്‍ പരിഹാസ രൂപേണയായിരുന്നു തൃപ്തിദേശായിയുടെ സന്ദര്‍ശനത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത്. തൃപ്തി ദേശായി ആരാണെന്നാണ് പിണറായി ചോദിച്ചത്. സര്‍വകക്ഷി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, തൃപ്തി ദേശായിയെ പോലുള്ള ആക്ടിവിസ്റ്റുകള്‍ വന്നാല്‍ ശബരിമലയിലേക്ക് കയറ്റിവിടുമോ എന്ന ചോദ്യത്തിനോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തൃപ്തി മുമ്പ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോയെന്നും നിങ്ങളല്ലേ അവര്‍ ആരാണെന്ന് അന്വേഷിക്കേണ്ടവരെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ശബരിമല ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ആരാധനാലയമാണെന്നും അവിടെ സംഘര്‍ഷമുണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃപ്തി ദേശായിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അവര്‍ മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ച വ്യക്തി മാത്രമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള പറഞ്ഞു.

അതേസമയം ശബരിമലയില്‍ എങ്ങനെയെങ്കിലും യുവതികളെ പ്രവേശിപ്പിക്കണമെന്ന വാശി സര്‍ക്കാരിനില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വ്യാഴാഴ്ച നടന്ന സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയെന്നും, യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ സര്‍ക്കാരോ ഇടതുമുന്നണിയോ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

തൃപ്തി ദേശായിയെ പോലെയുള്ളവരുടെ പിന്നില്‍ ആരാണെന്നുള്ളത് പകല്‍പോലെ വ്യക്തമാണ്. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാരിന് നിലപാട് എടുക്കാനാകില്ലെന്ന് എല്ലാവരും സമ്മതിക്കുന്നതാണ്. പ്രശ്‌നങ്ങള്‍ ഒഴിവാക്കി ക്രമീകരണമുണ്ടാക്കാന്‍ വേണ്ട കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ആലോചിക്കുമെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment