തിരുവന്തപുരം: മണ്ഡലമകരവിളക്ക് കാലത്തിനായി നാളെ ശബരിമല നട തുറക്കാനിരിക്കെ, തന്ത്രിരാജകുടുംബവുമായുള്ള സര്‍ക്കാരിന്റെ ചര്‍ച്ച അവസാനിച്ചു. യോഗത്തില്‍ മുഖ്യമന്ത്രി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ചെന്ന് കൊട്ടാരം. ആചാരങ്ങളുടെ ഭാഗമായതിനാല്‍ എല്ലാവരുമായും ആലോചിച്ചേ തീരുമാനമെടുക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞതായി പന്തളം കൊട്ടാരം പ്രതിനിധി പി.ജി ശശികുമാര വര്‍മ.
”സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. ഞങ്ങളും ഞങ്ങളുടെ നിലപാട് സര്‍ക്കാരിനെ അറിയിച്ചു. സമാധാനപരമായി തീര്‍ഥാടനകാലം മുന്നോട്ടു വയ്ക്കാനുള്ള ചില നിര്‍ദേശങ്ങളടങ്ങിയ നിവേദനം ഞങ്ങള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. സര്‍ക്കാരും ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്.”ശശികുമാരവര്‍മ പറഞ്ഞു.
സാവകാശഹര്‍ജി നല്‍കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് തീരുമാനിക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞതായി ശശികുമാരവര്‍മ വ്യക്തമാക്കി. സര്‍ക്കാരിന് പുനഃപരിശോധനാ ഹര്‍ജിയോ, സാവകാശഹര്‍ജിയോ കൊടുക്കാനാകില്ല. അതില്‍ ദേവസ്വംബോര്‍ഡ് ഉചിതമായ തീരുമാനമെടുക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞതായും ശശികുമാരവര്‍മ വ്യക്തമാക്കി.
എന്നാല്‍ ചില പ്രത്യേകദിവസങ്ങളില്‍ യുവതികള്‍ക്ക് കയറാമെന്ന തരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞോ എന്ന ചോദ്യത്തിന് ശശികുമാരവര്‍മ വ്യക്തമായ ഉത്തരം നല്‍കിയില്ല. ”അത്തരം ചില നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി മുന്നോട്ടു വച്ചിട്ടുണ്ട്. അതില്‍ മൂന്ന് പേര്‍ക്ക് എടുക്കാവുന്ന തീരുമാനമല്ല. കുറേക്കൂടി ആഴത്തിലുള്ള കൂടിയാലോചനകള്‍ ഇതിനൊക്കെ ആവശ്യമാണ്”. ശശികുമാരവര്‍മ വ്യക്തമാക്കി.
യുവതികള്‍ വരരുതെന്ന് അഭ്യര്‍ഥിക്കാനേ കഴിയൂവെന്ന് തന്ത്രി പറഞ്ഞു. യുവതികള്‍ ശബരിമലയില്‍ കയറുന്നത് ആചാരവിരുദ്ധമാണ്. വരരുതെന്ന് അഭ്യര്‍ഥിക്കുകയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു.
മുമ്പത്തേത് പോലെ, സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമൊന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിയില്ലെങ്കിലും സര്‍ക്കാരും തന്ത്രി, രാജകുടുംബാംഗങ്ങളും നിലപാടില്‍ അയവ് വരുത്തിയില്ലെന്നാണ് സൂചന. ഇരുപക്ഷവും നിലപാടിലുറച്ച് നിന്നതോടെ ഈ സമവായചര്‍ച്ചയിലും കാര്യമായ മുന്നോട്ടുപോക്കുണ്ടായിട്ടില്ല.
”സര്‍ക്കാരിന് ഉറച്ച നിലപാടുണ്ടെങ്കില്‍ ഞങ്ങള്‍ക്കും ഉറച്ച നിലപാടുണ്ട്. സ്ത്രീപ്രവേശനത്തിന് അനുകൂലമല്ല. ആചാരപരമായി അത് അനുവദിക്കാനാകില്ല”, എന്ന് ശശികുമാരവര്‍മ വ്യക്തമാക്കി.