തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി ശനിയാഴ്ച കേരളത്തിലെത്തുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കില്ലെന്ന് പൊലീസ്. സന്നിധാനത്തെത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കുമുള്ള പരിരക്ഷ മാത്രമേ നല്‍കുകയുള്ളൂ. തൃപ്തി ദേശായിയുടെ കത്തിന് മറുപടി നല്‍കില്ലെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച ദര്‍ശനം നടത്തുന്നതിനായി നാളെ കൊച്ചിയില്‍ എത്താനാണ് തൃപ്തിയുടെ തീരുമാനം. ഭൂമാതാ ബ്രിഗേഡിലെ ആറു സ്ത്രീകള്‍ക്കൊപ്പം ദര്‍ശനത്തിനെത്തുന്ന തനിക്ക് സുരക്ഷ, താമസം, ഭക്ഷണം, യാത്ര തുടങ്ങിയവ സര്‍ക്കാര്‍ ഒരുക്കണമെന്നാണ് തൃപ്തി ദേശായിയുടെ ആവശ്യം. ചെലവുകള്‍ വഹിക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാരിന് ഇവര്‍ കത്തയച്ചിരുന്നു. സമാനമായ സന്ദേശം പ്രധാനമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ക്കും അയച്ചിട്ടുണ്ട്. മഹാരാഷ്ട്ര അഹമ്മദ്‌നഗറിലെ ശനി ഷിഗ്ണാപുര്‍ ക്ഷേത്രത്തിലെ സ്ത്രീപ്രവേശം, മുംബൈ ഹാജി അലി ദര്‍ഗ സ്ത്രീപ്രവേശം എന്നീ സമരങ്ങളിലൂടെയാണ് തൃപ്തി ശ്രദ്ധ നേടിയത്. ഇതിനിടെ, മണ്ഡല–മകരവിളക്കു കാലത്തു ശബരിമലയില്‍ ദര്‍ശനത്തിനായി ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്ത യുവതികളുടെ എണ്ണം 800 ആയി. ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍.