പരമ്പര തൂത്തുവാരി ഇന്ത്യ; മൂന്നാം ട്വന്റി 20യിലും വിന്‍ഡീസിനെ തകര്‍ത്തു; അവസാന പന്തില്‍ ജയം

ചെന്നൈ: മൂന്നാം ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇതോടെ പരമ്പര 3-0ന് ഇന്ത്യ സ്വന്തമാക്കി. 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തിലാണ് വിജയറണ്‍ നേടാനായത്. അവസാനപന്തുവരെ ആവേശം നിലനിര്‍ത്തിയ മത്സരമായിരുന്നു നടന്നത്. മനീഷ് പാണ്ഡെ, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ പുറത്താകാതെ നിന്നു. ശിഖര്‍ ധവാന്‍ (92), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (നാല്), കെ.എല്‍. രാഹുല്‍ ( 17), റിഷഭ് പന്ത് (58) എന്നിവരാണ് പുറത്തായത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. വിന്‍ഡീസിനായി മധ്യനിര താരം നികോളാസ് പുരാന്‍ അര്‍ധസെഞ്ചുറി നേടി. 25 പന്തുകള്‍ നേരിട്ട താരം നാലു വീതം ഫോറും സിക്‌സും പായിച്ചാണ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഷായ് ഹോപ് (22 പന്തില്‍ 24), ഷിമ്രോന്‍ ഹെയ്റ്റമര്‍ (21 പന്തില്‍ 26), ദെനേഷ് രാംദിന്‍ (15 പന്തില്‍ 15) എന്നിങ്ങനെയാണു പുറത്തായ വിന്‍ഡീസ് താരങ്ങളുടെ സ്‌കോര്‍. മികച്ച തുടക്കമാണ് വെസ്റ്റ് ഇന്‍ഡീസിന് മല്‍സരത്തില്‍ ലഭിച്ചത്. ഷായ് ഹോപ്, ഹെയ്റ്റ്മര്‍ എന്നിവര്‍ ചേര്‍ന്ന് വിന്‍ഡീസ് സ്‌കോര്‍ അനായാസം 50 കടത്തി. പക്ഷേ സ്‌കോര്‍ 51 ല്‍ നില്‍ക്കെ ഇന്ത്യ ആദ്യ വിക്കറ്റ് വീഴ്ത്തി. യുസ്!വേന്ദ്ര ചഹലിന്റെ പന്തില്‍ ഹോപ് വാഷിങ്ടന്‍ സുന്ദറിന് ക്യാച്ച് നല്‍കി. പിന്നാലെ ചഹല്‍ രണ്ടാം വിക്കറ്റും വീഴ്ത്തി. ക്രുനാല്‍ പാണ്ഡ്യയ്ക്ക് ക്യാച്ച് നല്‍കിയാണ് ഹെയ്റ്റ്മറിന്റെ പുറത്താകല്‍.

ബ്രാവോയും ദെനേഷ് രാംദിനും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ടു നയിക്കാന്‍ ശ്രമിച്ചെങ്കിലും രാംദിനെ വാഷിങ്ടന്‍ സുന്ദര്‍ പുറത്താക്കുന്നു. പിന്നാലെയെത്തിയ നിക്കോളാസ് പുരാനെയും കൂട്ടുപിടിച്ച് ബ്രാവോ സ്‌കോര്‍ 150 കടത്തി. ഇരുവരും നിലയുറപ്പിച്ചതോടെ പൊരുതാവുന്ന സ്‌കോറിലേക്ക് വെസ്റ്റ് ഇന്‍ഡീസ് എത്തിച്ചേരുകയായിരുന്നു.
രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യന്‍ ടീം ഇറങ്ങിയത്. കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര എന്നിവര്‍ക്കു പകരം യുസ്‌വേന്ദ്ര ചഹല്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ടീമിലെത്തി. രണ്ടാം മല്‍സരത്തിനിറങ്ങിയ അതേ ഇലവനുമായാണ് വെസ്റ്റ് ഇന്‍ഡീസ് അവസാന പോരാട്ടത്തിനും ഇറങ്ങിയത്.

pathram:
Related Post
Leave a Comment