മെര്‍സലിനു പിന്നാലെ പുതിയ ചിത്രം സര്‍ക്കാരും വിവാദത്തില്‍: രണ്ടുദിവസം കൊണ്ട് ചിത്രം 100കോടി ക്ലബ്ബില്‍; സംവിധായകന്റെ വീട്ടില്‍ റെയ്ഡ്, വിജയ്‌ക്കെതിരെ നടപടി

ഇളയ ദളപതി വിജയ്യുടെ പുതിയ ചിത്രവും വിവാദത്തില്‍. മെര്‍സലിനു പിന്നാലെ പുതിയ ചിത്രം സര്‍ക്കാരും വിവാദങ്ങളുടെ കുരുക്കില്‍പ്പെടുകയാണ്. മെര്‍സലിനെതിരെ ബിജെപി വാളെടുത്തതോടെയാണ് മെര്‍സല്‍ തമിഴ്‌നാടിനെ അതിശയിപ്പിക്കുന്ന വിജമായി മാറിയത്. ഇപ്പോള്‍ സര്‍ക്കാര്‍ എന്ന ചിത്രം തമിഴ്‌നാട് സര്‍ക്കാരിനെ അധിക്ഷേപിക്കുന്നുവെന്നാണ് ആരോപണം. പേടിപ്പിച്ചും ആരോപണം ഉന്നയിച്ചും ചിത്രത്തെ വരുതിയില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം. സംവിധായകന്‍ എ.ആര്‍.മുരുകദോസിന്റെ വീട്ടില്‍ ഇന്നലെ രാത്രി പൊലീസ് പരിശോധനയ്‌ക്കെത്തിയതും കൃത്യമായ സൂചനയുമായിരുന്നു. വിജയ്‌ക്കെതിരെയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയെടുക്കാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ എന്ന ചിത്രം ഭികരവാദം തന്നെയാണെന്നായിരുന്നു തമിഴ്‌നാട് നിയമമന്ത്രി സി.വി ഷണ്‍മുഖത്തിന്റെ പ്രതികരണം. സമൂഹത്തില്‍ കലാപം അഴിച്ചു വിടാനാണ് ചിത്രത്തിന്റെ ശ്രമം. ഇത് തുടരാന്‍ അനുവദിക്കില്ല. ഒരു ഭീകരവാദി അക്രമത്തിനു പ്രേരിപ്പിക്കുന്നതിനു തുല്യമാണ് ഈ ചിത്രം ചെയ്യുന്നത്. വിജയിക്കും അണിയറപ്രവര്‍ത്തകര്‍ക്കു നേരേയും ശക്തമായ നടപടി എടുക്കുക തന്നെ ചെയ്യും മന്ത്രി പറഞ്ഞു.

അതേസമയം വെറും രണ്ട് ദിവസം കൊണ്ട് 100 കോടി നേടുന്ന ആദ്യ വിജയ് ചിത്രമാണ് സര്‍ക്കാര്‍. വേള്‍ഡ് വൈഡ് കളക്ഷന്‍ റിപ്പോര്‍ട്ട് ആണിത്. സര്‍ക്കാരിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം തുടരുകയാണ്. മധുരയിലും കോയമ്പത്തൂരിലും അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ അക്രമിച്ചു.
എന്നാല്‍ ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. തമിഴ്‌നാട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ചിത്രത്തിനെതിരെ മന്ത്രിമാരടക്കം രംഗത്ത് വന്നതോടെ പ്രതിഷേധം ശക്തമായി. അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളിലേക്ക് മാര്‍ച്ച് നടത്തി. ചെന്നൈ ,മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് പ്രതിഷേധം കനത്തത്. വിജയ് യുടെ കട്ടൗട്ടുകളടക്കം നശിപ്പിച്ചു. വിവാദ രംഗങ്ങള്‍ നീക്കിയില്ലെങ്കില്‍ വ്യാപകമായി പ്രദര്‍ശനം തടയാനാണ് അണ്ണാ ഡി.എം.കെ തീരുമാനം.തിയറ്ററുകള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുണ്ട്. സംവിധായകന്‍ എ.ആര്‍.മുരുകദോസിന്റെ വീട്ടില്‍ രാത്രി വൈകി പൊലീസ് പരിശോധനയ്‌ക്കെത്തി. എന്നാല്‍ മുരുകദോസ് ഇല്ലാത്തതിനാല്‍ തിരിച്ചു പോവുകയായിരുന്നു. അറസ്റ്റടക്കമുള്ള നടപടിക്കല്ലെന്നും സുരക്ഷ നല്‍കാനാണ് വന്നതെന്നും പൊലീസ് വ്യക്തമാക്കി. മുരുകദോസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ സണ്‍ പിക്‌ചേര്‍സ് ആരോപിച്ചു. രാത്രി വൈകി മുരുകദോസിന്റെ വീട്ടിലെത്തിയ പൊലീസ് നടപടിക്കെതിരെ രജനീകാന്ത്, വിശാല്‍ അടക്കമുള്ള സിനിമ മേഖലയില്‍ നിന്നുള്ളവര്‍ രംഗത്തെത്തി. സെന്‍സര്‍ ചെയ്ത സിനിമകളില്‍ ഇടപെടുന്ന സര്‍ക്കാര്‍ നീക്കത്തെ വിശാല്‍ വിമര്‍ശിച്ചു. നേരത്തെ നടന്‍ കമല്‍ഹാസനും ചിത്രത്തിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.ഇതേ രീതിയില്‍ പ്രദര്‍ശനം തുടര്‍ന്നാല്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന് തിയറ്റര്‍ എക്‌സിബിഷന്‍ അസോസിയേഷന്‍ നിര്‍മാതാക്കളെ അറിയിച്ചിട്ടുണ്ട്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7