മുംബൈ: ഏകദിന ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ പേസ് ബോളര്‍മാര്‍ക്ക് ഇത്തവണത്തെ ഐപിഎല്ലില്‍നിന്ന് വിശ്രമം അനുവദിക്കണമെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ നിര്‍ദ്ദേശത്തിന് കളിക്കാരുടെ ഇടയില്‍ നിന്നു തന്നെ എതിര്‍പ്പ്. ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനം വിലയിരുത്താന്‍ ബിസിസിഐ ഭരണസമിതി ഹൈദരാബാദില്‍ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിലാണ്, ഇന്ത്യന്‍ പേസ് ബോളര്‍മാര്‍ക്ക് ഐപിഎല്ലില്‍നിന്ന് വിശ്രമം അനുവദിക്കണമെന്ന് കോഹ്‌ലി ആവശ്യപ്പെട്ടത്. എന്നാല്‍, ആ യോഗത്തില്‍ സന്നിഹിതനായിരുന്ന പരിമിത ഓവര്‍ മല്‍സരങ്ങളില്‍ ഇന്ത്യന്‍ ഉപനായകന്‍ കൂടിയായ രോഹിത് ശര്‍മ കോഹ്‌ലിയുടെ നിര്‍ദ്ദേശത്തെ എതിര്‍ത്തതായാണ് റിപ്പോര്‍ട്ട്.
അടുത്ത വര്‍ഷം മേയ് 30 മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടിലാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. അതേസമയം, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ പതിപ്പിന് ഏപ്രില്‍ ആദ്യ വാരമാണ് തുടക്കമാകുക. മേയ് മൂന്നാമത്തെ ആഴ്ച വരെ ഐപിഎല്‍ നീണ്ടുനില്‍ക്കും. അതായത്, ഐപിഎല്ലിനു തൊട്ടുപിന്നാലെയാണ് ഇംഗ്ലണ്ടില്‍ ഏകദിന ലോകകപ്പിന് തിരശീല ഉയരുക. ഈ സാഹചര്യത്തില്‍ പേസ് ബോളര്‍മാര്‍ക്ക് മതിയായ വിശ്രമം ഉറപ്പാക്കാനും പരുക്കിന്റെ സാധ്യതകളില്‍നിന്നു സംരക്ഷിക്കാനുമാണ് കോഹ്‌ലി വിശ്രമം നിര്‍ദ്ദേശിച്ചത്. ഐപിഎല്ലില്‍നിന്ന് മാറിനിന്നാല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കൂടുതല്‍ ഉന്‍മേഷത്തോടെയും കായികക്ഷമതയോടെയും പങ്കെടുക്കാന്‍ പേസ് ബോളര്‍മാര്‍ക്ക് സാധിക്കുമെന്ന് കോഹ്‌ലി അഭിപ്രായപ്പെട്ടു.
എന്നാല്‍, യോഗത്തില്‍ പങ്കെടുത്തവരില്‍ അധികം പേരും കോഹ്‌ലിയെ പിന്തുണച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ താരങ്ങളെ കളിപ്പിക്കാതിരിക്കാനുള്ള നിര്‍ദ്ദേശം ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ അംഗീകരിക്കാന്‍ സാധ്യതയില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ താരങ്ങള്‍ക്കു വിശ്രമം അനുവദിക്കണമെന്നാണ് അഭ്യര്‍ഥന. ഖലീല്‍ അഹമ്മദ്, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി തുടങ്ങിയവാണ് ലോകകപ്പില്‍ ഇന്ത്യന്‍ പേസ് ബോളിങ് യൂണിറ്റില്‍ അംഗങ്ങളാകാന്‍ സാധ്യതയുള്ള മറ്റു താരങ്ങള്‍. അതേസമയം ബുമ്ര, ഭുവനേശ്വര്‍ എന്നിവരൊഴികെയുള്ള താരങ്ങള്‍ അതാത് ഐപിഎല്‍ ടീമുകളില്‍ എല്ലാ മല്‍സരങ്ങളും കളിക്കാന് സാധ്യതയുള്ളവരല്ല. കോഹ്‌ലിയുടെ നിര്‍ദ്ദേശത്തെക്കുറിച്ച്, യോഗത്തില്‍ സന്നിഹിതനായിരുന്ന രോഹിത് ശര്‍മയോട് ഇടക്കാല ഭരണസമിതിയുടെ ചെയര്‍മാനായ വിനോദ് റായി അഭിപ്രായം ആരാഞ്ഞു. എന്നാല്‍, കോഹ്‌ലിയുടെ നിര്‍ദ്ദേശത്തെ എതിര്‍ത്തുകൊണ്ടാണ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ രോഹിത് സംസാരിച്ചത്.
മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലോ ഫൈനലിലോ കടക്കുകയും ബുമ്ര കളിക്കാന്‍ സജ്ജനുമാണെങ്കില്‍ വിശ്രമം അനുവദിക്കാന്‍ താന്‍ തയാറല്ല എന്നായിരുന്നു രോഹിതിന്റെ നിലപാട്. ഐപിഎല്ലില്‍നിന്ന് വിശ്രമം അനുവദിച്ചാല്‍ ലോകകപ്പിനു മുന്‍പ് രണ്ടു മാസം താരങ്ങള്‍ കളത്തില്‍നിന്ന് മാറിനില്‍ക്കേണ്ടി വരുമെന്ന വശവും യോഗത്തില്‍ ഉയര്‍ന്നുവന്നു. ലേലത്തില്‍ വിളിച്ചെടുക്കുന്ന താരങ്ങളുടെ സേവനം പരമാവധി ഉപയോഗപ്പെടുത്താനാണ് ഐപിഎല്‍ ടീമുകള്‍ ശ്രമിക്കുകയെന്നു ചൂണ്ടിക്കാട്ടിയ ഒരു വിഭാഗം, ജോലിഭാരം ക്രമീകരിക്കാനുള്ള സംവിധാനം ഒരുക്കാവുന്നതേയുള്ളൂവെന്നും ചൂണ്ടിക്കാട്ടി.
ഇടക്കാല ഭരണസമിതി അംഗങ്ങള്‍, ചീഫ് സിലക്ടര്‍ എം.എസ്.കെ. പ്രസാദ്, പരിശീലകന്‍ രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. നേരത്തെ, ഇംഗ്ലണ്ട് ലോകകപ്പിനു പോകുന്ന ടീമംഗങ്ങള്‍ക്ക് വാഴപ്പഴം ലഭ്യമാക്കുക, ഭാര്യമാരെ കൂടെ കൊണ്ടുപോകാന്‍ അനുവദിക്കുക, ഇംഗ്ലണ്ടിലെ യാത്രകള്‍ക്ക് ഒരു ട്രെയിന്‍ കംപാര്‍ട്‌മെന്റ് പൂര്‍ണമായും ബുക്കു ചെയ്യുക തുടങ്ങി ഈ യോഗത്തില്‍ ടീം മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
Leave a Comment