നെയ്യാറ്റിന്‍കര കൊലബാധകം: പോലീസുകാരെ ബലിയാടാക്കി എസ്‌ഐയെ സംരക്ഷിക്കാന്‍ നീക്കം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി ബി.ഹരികുമാര്‍ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സംഭവത്തില്‍ പോലീസുകാരെ ബലിയാടാക്കി എസ്‌ഐയെ സംരക്ഷിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം. സ്ഥലം എസ്‌ഐ സന്തോഷ് കുമാറിന് ഗുരുതര വീഴ്ച പറ്റിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സംഭവം നേരത്തേ അറിഞ്ഞിട്ടും കൃത്യമായ നടപടിയെടുക്കാന്‍ പൊലീസുകാര്‍ക്ക് എസ്‌ഐ നിര്‍ദ്ദേശം നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എസ്‌ഐക്കെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് തന്നെ നേരിട്ട് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഇതുവരെ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല.
അതേസമയം കൃത്യവിലോപത്തിന് രണ്ട് പൊലീസുകാരെ മാത്രമാണ് ഇതുവരെ സസ്‌പെന്റ് ചെയ്തത്. ഇവരെ ബലിയാടാക്കി എസ്‌ഐയെ സംരക്ഷിക്കാനാണ് നീക്കം നടക്കുന്നതെന്നാണ് ആരോപണമുയരുന്നത്. അഞ്ചാംതീയതി രാത്രി സനല്‍ അപകടത്തില്‍പെട്ട് ഒരുമണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ആദ്യം സനലിനെ കൊണ്ടുപോയത് നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയിലേക്കാണ്. അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചെങ്കിലും പൊലീസ് ആദ്യം പോയത് സ്റ്റേഷനിലേക്കാണ്. ഡ്യൂട്ടിമാറാനാണ് സ്റ്റേഷനില്‍ പോയതെന്നാണ് വിശദീകരണം. മെഡിക്കല്‍ കോളേജിലോ അടുത്തുള്ള സൗകര്യമുള്ള സ്വകാര്യ ആശുപത്രിയിലോ ആദ്യം കൊണ്ടു പോകാന്‍ എസ്‌ഐ സന്തോഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കിയില്ലെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. പൊലീസുകാര്‍ ഡ്യൂട്ടി മാറിയത് തടസ്സപ്പെടുത്തിയില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. പൊലീസുകാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി ഇന്നരാവിലെ എസ്‌ഐ സന്തോഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്വന്തം അധികാര പരിധിയില്‍ നടന്ന സംഭവത്തിലെ വീഴ്ച രണ്ടുപൊലീസുകാരില്‍ ചാരി രക്ഷപ്പെടാനാണ് സന്തോഷ് കുമാര്‍ ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്. വീഴ്ച സംഭവിച്ചത് രണ്ടുപൊലീസുകാര്‍ക്ക് മാത്രമല്ലെന്നും എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ സനലിനെ ആശുപത്രിയില്‍ എത്തിക്കാതിരുന്നതിന് ഉത്തരവാദികളാണെന്നും സനലിന്റെ സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

pathram:
Leave a Comment