മാരി 2’ല്‍ സായ് പല്ലവിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

‘മാരി 2’ല്‍ സായ് പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ധനുഷ് നായകനാവുന്ന ബാലാജി മോഹന്‍ ചിത്രത്തില്‍ ‘അറാത് ആനന്ദി’ എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. ഓട്ടോ ഡ്രൈവറാണ് കഥാപാത്രം. ഓട്ടോ ഡ്രൈവറുടെ കാക്കി ഷര്‍ട്ട് അണിഞ്ഞുള്ളതാണ് പുറത്തെത്തിയിരിക്കുന്ന ഫസ്റ്റ് ലുക്ക്.
സായ് പല്ലവിയുടെ തമിഴിലെ രണ്ടാംചിത്രമാണ് മാരി 2. എ എല്‍ വിജയ് സംവിധാനം ചെയ്ത ‘ദിയ’ എന്ന ചിത്രത്തിലൂടെയായിരുന്നു സായ് പല്ലവിയുടെ തമിഴ് അരങ്ങേറ്റം. ചിത്രം പരാജയമായിരുന്നെങ്കിലും ‘പ്രേമ’ത്തിലൂടെ സായ് പല്ലവി തമിഴ്നാട്ടില്‍ സൃഷ്ടിച്ച പ്രതിച്ഛായയ്ക്ക് മങ്ങലേറ്റില്ല.
2015ല്‍ പുറത്തിറങ്ങിയ ‘മാരി’യുടെ രണ്ടാംഭാഗമാണ് ‘മാരി 2’. ടൊവീനോ തോമസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് നിര്‍മ്മാണം. വരലക്ഷ്മി ശരത്കുമാറും കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. വരുന്ന ഡിസംബറില്‍ തീയേറ്ററുകളില്‍ എത്തിയേക്കും.

pathram:
Related Post
Leave a Comment