ദീപാവലി ദിനത്തില്‍ രോഹിത്തിന്റെ സ്‌പെഷ്യല്‍ വെടിക്കെട്ട്; വിന്‍ഡീസ് തോല്‍വിയിലേക്ക്…

ദീപാവലി ദിനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വെടിക്കെട്ട് ബാറ്റിങ് നടത്തി ആഘോഷിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടിട്വന്റിയില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. നാലാം ടിട്വന്റി സെഞ്ചുറി കണ്ടെത്തിയ രോഹിത്തിന്റെ മികവില്‍ നിശ്ചിത 20 ഓവറില്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് തകര്‍ച്ചയെ നേരിടുകയാണ്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 18.4 ഓവറില്‍ 8 വിക്കറ്റിന് 114 റണ്‍സാണ് വിന്‍ഡീസ് എടുത്തിരിക്കുന്നത്. ജയത്തോടെ ഇന്ത്യ പരമ്പര ഉറപ്പിച്ചുവെന്നു തന്നെ പറയാം.

61 പന്തില്‍ നിന്ന് രോഹിത് 111 റണ്‍സെടുത്തു. 58 പന്തില്‍ നിന്നാണ് രോഹിത് തന്റെ നാലാം സെഞ്ചുറി നേടിയത്. ഏഴു സിക്‌സും ഒന്‍പത് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. ടിട്വന്റിയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോഡും ഇതോടെ രോഹിത് സ്വന്തമാക്കി.

11 റണ്‍സെടുത്തു നില്‍ക്കെ രോഹിത് രാജ്യാന്തര ടിട്വന്റിയില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകുകയും ചെയ്തു. 62 മത്സരങ്ങളില്‍ നിന്ന് 2102 റണ്‍സ് നേടിയ വിരാട് കോലിയെയാണ് രോഹിത് മറികടന്നത്.

നേരത്തെ ഇന്ത്യയ്ക്കായി ഓപ്പണിങ് വിക്കറ്റില്‍ രോഹിത്-ധവാന്‍ സഖ്യം സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തിരുന്നു. 123 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം 43 റണ്‍സെടുത്ത ധവാനെ അലന്‍ പുറത്താക്കി. പിന്നാലെ അഞ്ചു റണ്‍സെടുത്ത ഋഷഭ് പന്തും മടങ്ങി. വ്യക്തിഗത സ്‌കോര്‍ 20ല്‍ നില്‍ക്കെ ശിഖര്‍ ധവാന്‍ രാജ്യാന്തര ടിട്വന്റിയില്‍ 1000 റണ്‍സ് പിന്നിട്ടു. 42ാം മത്സരത്തിലാണ് ധവാന്‍ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയ്ക്കായി ട്വന്റി20യില്‍ 1000 റണ്‍സ് പിന്നിടുന്ന ആറാമത്തെ താരമാണ് ധവാന്‍.

14 പന്തില്‍ 26 റണ്‍സെടുത്ത ലോകേഷ് രാഹുലിന്റെ ഇന്നിങ്‌സും ഇന്ത്യന്‍ സ്‌കോറില്‍ നിര്‍ണായകമായി. വിന്‍ഡീസിനായി കീമോ പോളും അലനും വിക്കറ്റ് നേടി.

pathram:
Leave a Comment