തര്‍ക്കത്തെത്തുടര്‍ന്ന് ഡിവൈ.എസ്.പി. പിടിച്ചുതള്ളിയ യുവാവ് കാറിടിച്ചു മരിച്ചു

തിരുവനന്തപുരം: റോഡിലെ തര്‍ക്കത്തെത്തുടര്‍ന്ന് ഡിവൈ.എസ്.പി. പിടിച്ചുതള്ളിയ യുവാവ് കാറിടിച്ചു മരിച്ചു. നെയ്യാറ്റിന്‍കര കൊടങ്ങാവിള കാവുവിളയില്‍ സനല്‍(32) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. കൊടങ്ങാവിള കമുകിന്‍കോടിലെ ഒരു വീട്ടില്‍ എത്തിയതായിരുന്നു നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. ബി.ഹരികുമാര്‍. ആ വീട്ടില്‍നിന്നുമിറങ്ങി കാര്‍ എടുക്കാനായെത്തിയപ്പോള്‍ വാഹനം കടന്നുപോകാനാകാത്ത നിലയില്‍ മറ്റൊരു കാര്‍ പാര്‍ക്കുചെയ്തിരുന്നു. സ്വകാര്യവാഹനത്തില്‍ യൂണിഫോമിലല്ലാതെ കണ്ട ഡിവൈ.എസ്.പി.യെ സനലിനു തിരിച്ചറിയാനായില്ല. വാക്കുതര്‍ക്കത്തിനിടെ ഡിവൈ.എസ്.പി. സനലിനെ പിടിച്ചുതള്ളി. റോഡിലേക്കു വീണ ഇയാളുടെ പുറത്ത് എതിേര വന്ന കാര്‍ ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ സനലിനെ നാട്ടുകാരും സംഭവമറിഞ്ഞു സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര പോലീസും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സനല്‍ ഇലക്ട്രീഷനാണ്. അപകടമറിഞ്ഞു സ്ഥലത്തെത്തിയ നാട്ടുകാര്‍ ഡിവൈ.എസ്.പി.യെ കൈയേറ്റം ചെയ്തു. എന്നാല്‍, ഡിവൈ.എസ്.പി.യെ പരിസരവാസിയായ സുഹൃത്ത് സംഭവസ്ഥലത്തുനിന്നു രക്ഷപ്പെടുത്തി. ഡിവൈ.എസ്.പി.യുടെ കാറും അവിടെനിന്നു മാറ്റി. കൊടങ്ങാവിളയിലെ ഒരു വീട്ടില്‍ സ്ഥിരമായി വരാറുള്ള ഡിവൈ.എസ്.പി., സനലിനെ റോഡിലേക്കു പിടിച്ചുതള്ളിയതാണ് മറ്റൊരു വാഹനം ഇടിക്കാനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍, സംഭവത്തെക്കുറിച്ചു വിശദീകരിക്കാന്‍ നെയ്യാറ്റിന്‍കര പോലീസ് തയ്യാറായിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7