കണ്ണൂര്‍: കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കുന്നത് ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി. മത നിരപേക്ഷത ആപത്തായി കാണുന്നവര്‍ അത് തകര്‍ക്കാന്‍ ശ്രമിക്കുന്നു. മതനിരപേക്ഷത ഭരണഘടനയുടെ ഭാഗമാക്കിയ രാജ്യമാണ് നമ്മുടേതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതു കൊണ്ട് ഭരണഘടനയെ അംഗീകരിക്കാത്തവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ പൊലീസ് പാസിങ് ഔട്ട് പരേഡ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒളിഞ്ഞും തെളിഞ്ഞും മതനിരപേക്ഷതയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ് കൂടുതല്‍. എന്നാലും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. അത് നാടിന് ആപത്താണ് ശക്തമായ നടപടി സ്വീകരിക്കാന്‍ നാം പ്രതിജ്ഞാ ബദ്ധമാണ്. ഈ ഉത്തരവാദിത്തം ആരെക്കാളും പൊലീസിനാണെന്നും അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷതയോടുള്ള അസഹിഷ്ണുതയാണ് പൊലീസിനെതിരെയുള്ള ഒറ്റപ്പെട്ട സംഭവങ്ങളില്‍ നിന്ന് മനസിലാക്കാനാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത നാളുകളായി പൊലീസിനെ തന്നെ ചേരിതിരിക്കാനാകുമോ എന്നിവര്‍ നോക്കുകയാണ്. പൊലീസിനെ ഇന്ന മതത്തില്‍ പെട്ടവര്‍, ഇന്ന ജാതിയില്‍ പെട്ടവര്‍ എന്ന തരത്തില്‍ വേര്‍തിരിക്കാന്‍ നോക്കുകയാണ്. അത് പൊലീസിനെ നിര്‍വീര്യമാക്കാനുള്ള നടപടിയാണ്. പൊലീസിന് ഒറ്റ മതവും ജാതിയുമേയുള്ളു. പൊലീസിന്റെ മതവും ജാതിയും പൊലീസ് മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൃത്യനിര്‍വഹണത്തില്‍ പൊലീസ് സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നതെന്ന് അദ്ദേഹം പ്രശംസിച്ചു. അവരെ ഒറ്റതിരിച്ച് ആക്രമിച്ച് നിര്‍വീര്യമാക്കിക്കളയാം എന്ന് ചിലര്‍ കരുതുകയാണ്. അത്തരം നീക്കങ്ങള്‍ക്കെതിരെ ജനാധിപത്യ സമൂഹം ശക്തമായി അണിനിരക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മതനിരപേക്ഷതയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ പൂര്‍ണമായി ഒറ്റപ്പെടുത്തുകതന്നെ വേണം. ഐക്യവും അച്ചടക്കവുമാണ് പൊലീസ് സേനയുടെ കരുത്ത്. ഒറ്റപ്പെട്ട ആക്രമണങ്ങളുടെ മുന്നില്‍ പതറേണ്ട കാര്യമില്ലെന്നും ഇതേപോലെ മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.