എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് അറിയാം; ടി20 മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ട ധോണിയെ പിന്തുണച്ച് സച്ചിന്‍

മുംബൈ: വിന്‍ഡീസിനും ഓസ്‌ട്രേലിയയ്ക്കും എതിരായ ടി20 ടീമുകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുന്‍ നായകന്‍ എംഎസ് ധോണിയെ പിന്തുണച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്ത്. ധോണി എപ്പോഴും ടീമിന് വലിയ സംഭാവനകള്‍ നല്‍കുന്ന താരമാണ്. ഏറെക്കാലം മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയെ നയിച്ച താരമാണയാള്‍. ഏറെക്കാലം കളിച്ച താരത്തിന് താന്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാമെന്നാണ് വിശ്വാസമെന്നും സച്ചിന്‍ പറഞ്ഞു.
ദേശീയ മാധ്യമമായ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്റെ പ്രതികരണം. സെലക്ടര്‍മാരുടെ പദ്ധതിയെന്താണെന്ന് തനിക്കറിയില്ലെന്നും അഭിപ്രായം പറഞ്ഞ് ആരെയെങ്കിലും സ്വാധീനിക്കാന്‍ താല്‍പര്യമില്ലെന്നും സച്ചിന്‍ വ്യക്തമാക്കി. മോശം ഫോം തുടരുന്ന എംഎസ്ഡി അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കുമോ എന്ന ആശങ്കകള്‍ക്കിടെയാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പ്രതികരണം. ഏഷ്യാകപ്പിലും വിന്‍ഡീസിനെതിരായ പരമ്പരയിലും ധോണിക്ക് തിളങ്ങാനായിരുന്നില്ല.
വിന്‍ഡീസിനെതിരായ അഞ്ചാം ഏകദിനത്തിന് ശേഷം ധോണിയെ പിന്തുണച്ച് നായകന്‍ വിരാട് കോലി രംഗത്തെത്തിയിരുന്നു. ധോണി ഇപ്പോഴും ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമാണ് എന്നായിരുന്നു കോലിയുടെ പ്രതികരണം. ധോണിയെ ടി20 ടീമില്‍ നിന്ന് ഒഴിവാക്കിയത് തന്റെയും രോഹിത് ശര്‍മ്മയുടെയും സമ്മതത്തോടെയാണെന്ന ആരോപണത്തെയും കോലി തള്ളിക്കളഞ്ഞു.
ടി20 മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ട ധോണിയെ പിന്തുണച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ; എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് അറിയാം

pathram:
Related Post
Leave a Comment