അഞ്ചാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച

തിരുവനന്തപുരം: ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച. 26 ഓവറുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 87 എന്ന നിലയിലാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റുചെയ്യുന്നത്. ആദ്യ ഓവറില്‍തന്നെ വെസ്റ്റ് ഇന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഭുവനേശ്വര്‍ കുമാറിന്റെ നാലാം പന്തില്‍ വിന്‍ഡീസ് താരം കിറാന്‍ പവല്‍ ധോണിക്ക് ക്യാച്ച് നല്‍കുകയായിരുന്നു. രണ്ടാം ഓവറില്‍ ഷായ് ഹോപും പുറത്ത്. റണ്‍സൊന്നുമെടുക്കാത്ത ഹോപ് ബുമ്രയുടെ പന്തില്‍ ബൗള്‍ഡാകുകകയായിരുന്നു. രവീന്ദ്ര ജഡേജയുടെ പന്തില്‍ മാര്‍ലണ്‍ സാമുവല്‍സിന്റെ ഷോട്ട് കോഹ്‌ലി പിടിച്ചെടുത്തു. 36 റണ്‍സിന് മൂന്നാം വിക്കറ്റ് വീണു. ഹെയ്റ്റ്മറെ ജഡേജ വിക്കറ്റിനുമുന്‍പില്‍ കുടുക്കി.റോമാന്‍ പവലിനെ ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ശിഖര്‍ ധവാന്‍ ക്യാച്ചെടുത്തു മടക്കി. സ്‌കോര്‍ 66 ല്‍ നില്‍ക്കെ വെസ്റ്റ് ഇന്‍ഡീസിന്റെ ആറാം വിക്കറ്റും വീണു. ഫാബിയന്‍ അലനെ ബുംമ്രയുടെ പന്തില്‍ കേദാര്‍ ജാദവ് ക്യാച്ചെടുത്തു കൂടാരം കയറ്റി. ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറിനെയും ജാദവിന്റെ ക്യാച്ചാണു പുറത്താക്കിയത്.
ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു. രണ്ടു മാറ്റങ്ങളുമായാണ് വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം മല്‍സരത്തിന് ഇറങ്ങിയത്. ആഷ്‌ലി നര്‍സിന് അഞ്ചാം മല്‍സരത്തില്‍ അവസരം ലഭിക്കില്ല. പകരം ദേവേന്ദ്ര ബിഷൂ എത്തും. ചന്ദര്‍പോള്‍ ഹേംരാജിനു പകരം ഒഷെയ്ന്‍ തോമസും കളിക്കും. അതേസമയം ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളില്ല.
പരമ്പര തുടങ്ങും മുന്‍പ് അമിത ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യ. എന്നാല്‍ വിന്‍ഡീസ്, ടെസ്റ്റിലെ വിന്‍ഡീസ് അല്ലെന്നു രണ്ടാമത്തെ കളിയില്‍ തന്നെ ബോധ്യമായി. സമനിലയും അപ്രതീക്ഷിത തോല്‍വിയും ഏറ്റുവാങ്ങിയതോടെയാണ് ഇന്ത്യ ഉണര്‍ന്നത്. നാലാം ഏകദിനത്തിലെ വമ്പന്‍ വിജയം നല്‍കുന്ന ആത്മവിശ്വാസം ഇന്നത്തെ കളിയിലും പ്രതിഫലിക്കും. മറുവശത്ത് അവസാന കളി ജയിച്ച് പരമ്പര സമനിലയിലെത്തിച്ചാല്‍പ്പോലും വിന്‍ഡീസിനു ലോട്ടറിയാണ്.
ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ 300 പോലും സുരക്ഷിതമായ സ്‌കോര്‍ ആയിരിക്കില്ല. പക്ഷേ, മഴ പെയ്താല്‍ സ്വഭാവം മാറിമറിയും. കഴിഞ്ഞ വര്‍ഷം ഇതേ മൈതാനത്തു നടന്ന മഴയില്‍ക്കുതിര്‍ന്ന ട്വന്റി20 മല്‍സരത്തില്‍ എട്ട് ഓവറില്‍ അഞ്ചുവിക്കറ്റിന് 67 റണ്‍സാണ് ഇന്ത്യയെടുത്തത്. മറുപടിയായി ന്യൂസീലന്‍ഡിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.
ഉച്ചമുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമാകുമെങ്കിലും കനത്ത മഴയ്ക്കുള്ള സാധ്യതയില്ലെന്നാണു കാലാവസ്ഥ പ്രവചനം. വൈകിട്ട് 5 മണിയോടെ മഴ പെയ്‌തേക്കാം. പക്ഷേ, ഏറെ നേരം നീണ്ടുനില്‍ക്കില്ല. ഏതു മഴയിലും കേരളത്തിന്റെ ക്രിക്കറ്റ് ആവേശം തണുക്കില്ലെന്നു കഴിഞ്ഞ മല്‍സരത്തില്‍ കാണികള്‍ തെളിയിച്ചതാണ്.

pathram:
Related Post
Leave a Comment