നമ്പി നാരായണനായി മാധവന്‍

ചെന്നൈ: ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രത്തില്‍ മാധവന്‍. ”റോക്കട്രി: ദി നമ്പി ഇഫക്ട്” എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നു. മാധവനും ആനന്ദ് മഹാദേവനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവനാണ് നമ്പി നാരായണനായെത്തുന്നത്. മാധവന്റെ ശബ്ദമാണ് ടീസറിലും നിറയുന്നത്.
’20 വര്‍ഷത്തിന് മുന്‍പ് ഈ വിജയം നമുക്ക് സാധിക്കുമെന്ന് ഞാന്‍ പറഞ്ഞു. എന്റെ പേര് നമ്പി നാരായണന്‍. ഞാന്‍ റോക്കട്രിയില്‍ 35 വര്‍ഷവും ജയിലില്‍ 50 ദിവസവും ജീവിച്ചു. ആ 50 ദിവസത്തില്‍ രാജ്യത്തിനുണ്ടായ നഷ്ടത്തെക്കുറിച്ചാണ് ഈ കഥ. എന്നെക്കുറിച്ചല്ല’ ടീസറില്‍ പറയുന്നു.
നമ്പി നാരായണന്‍ തന്നെ രചിച്ച ‘റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദി ഐഎസ്ആര്‍ഒ സ്പൈ കേസ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.ചിത്രത്തിന്റെ ടീസര്‍ ഒക്ടോബര്‍ 31ന് റിലീസ് ചെയ്യുമെന്നറിയിച്ച് ഒരു വീഡിയോ മാധവന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അറിഞ്ഞാല്‍ നിശബ്ദത പാലിക്കാനാവാത്ത ചില ജീവിതകഥകളുണ്ടെന്നും നമ്പി നാരായണന്റേത് അത്തരത്തില്‍ ഒന്നാണെന്നും മാധവന്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.
കൂടാതെ, ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് നമ്പി നാരായണന്‍ മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മാധവന്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും താന്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം വ്യാകുലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അദ്ദേഹം എന്റെ കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ടുകഴിഞ്ഞുവെന്ന് എനിക്കപ്പോള്‍ മനസിലായി’, നമ്പി നാരായണന്‍ പറഞ്ഞു.
നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം കൊടുക്കണമെന്നുള്ള സുപ്രീം കോടതി വിധി വന്നപ്പോള്‍ അതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മാധവന്‍ ട്വീറ്റ് ചെയ്തിരുന്നു.
‘ആ വിധിയെത്തി, അവസാനമായി കുറ്റവിമുക്തനാക്കുന്ന വിധി, ഇതൊരു പുതിയ തുടക്കമാണ്, തുടക്കം മാത്രം.’ മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീം കോടതി വിധിയ്ക്ക് മുന്‍പേ തീരുമാനിച്ചിരുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം പറയുന്ന സിനിമ.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7