സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് തുടക്കം; സല്‍മാന്‍ ഫാറൂഖിന് ആദ്യസ്വര്‍ണം

തിരുവനന്തപുരം: 62ാമത് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ തുടക്കമായി. തിരുവനന്തപുരം ജില്ലയുടെ സല്‍മാന്‍ ഫാറൂഖിനാണ് മേളയിലെ ആദ്യസ്വര്‍ണം. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ മത്സരത്തിലാണ് തിരുവനന്തപുരം സായിയിലെ സല്‍മാന്‍ ഫാറൂഖ് സ്വര്‍ണം നേടിയത്.

എറണാകുളം ജില്ലയിലെ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ അമിത് എന്‍.വിയ്ക്കാണ് വെള്ളി. കണ്ണൂര്‍ ജില്ലയിലെ സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂരിലെ വിഷ്ണു ബിജുവിനാണ് വെങ്കലം.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കട്ടിപ്പാറ ഹോളി ഫാമിലി എച്ച്.എസ്.വിദ്യാര്‍ത്ഥിനി സനിക.കെ.പിയും സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മാര്‍ബേസില്‍ സ്‌കൂളിലെ ആദര്‍ശ് ഗോപിയും സ്വര്‍ണം നേടി.

2200 താരങ്ങളാണ് ഇക്കുറി മത്സത്തിനെത്തിയിരിക്കുന്നത്. ആദ്യദിനം 31 ഇനങ്ങളിലാണ് ഫൈനല്‍ നടക്കുക. മൂന്നുദിവസത്തെ മീറ്റ് ഞായറാഴ്ച സമാപിക്കും.

നിലവിലെ ചാമ്പ്യന്‍ജില്ലയായ എറണാകുളവും റണ്ണേഴ്‌സ് അപ്പായ പാലക്കാടും തമ്മിലാകും പ്രധാന മത്സരം. സ്‌കൂളുകളില്‍ ചാമ്പ്യനായ മാര്‍ ബേസിലിന്റെ കിരീടത്തിനു വെല്ലുവിളിയുയര്‍ത്തുമെന്നാണ് അയല്‍ക്കാരായ കോതമംഗലം സെന്റ് ജോര്‍ജ്ജിന്റെ അവകാശവാദം. പോയ വര്‍ഷത്തെ രണ്ടാംസ്ഥാനത്തില്‍നിന്നു മുന്നേറാന്‍ കോഴിക്കോട് പുല്ലൂരാംപാറയും രംഗത്തുണ്ട്.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കായികമേള നടക്കുമോയെന്ന ശങ്കയുണ്ടായിരുന്നു. പക്ഷേ, കുട്ടികളുടെ അവസരം നഷ്ടമാകാതിരിക്കാന്‍ സംഘടിപ്പിക്കുകയായിരുന്നു. അതിനാല്‍ ആഡംബരങ്ങളൊന്നുമുണ്ടാകില്ല. ജില്ലകളിലെ മൂന്നാം സ്ഥാനക്കാരെ ഒഴിവാക്കി പങ്കാളിത്തം കുറച്ചിട്ടുണ്ട്. നാലുദിവസമായി നടത്തിയിരുന്ന മീറ്റ് ഇക്കുറി മൂന്നു ദിവസമാക്കി. പെണ്‍കുട്ടികള്‍ക്കും 400 മീറ്റര്‍ ഹര്‍ഡില്‍സ് ഉള്‍പ്പെടുത്തിയതും സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഒഴിവാക്കിയതുമടക്കം മത്സരഘടനയില്‍ മാറ്റമുണ്ട്.

pathram:
Related Post
Leave a Comment