ഈ തീര്‍ഥാടനക്കാലത്ത് ശബരിമല ദര്‍ശനത്തിന് തിരുപ്പതി മാതൃകയിലുള്ള ഡിജിറ്റല്‍ ബുക്കിങ് നടപ്പാകില്ലെന്ന് റിപ്പോര്‍ട്ട്. ശബരിമല കാനനക്ഷേത്രമായതിനാലുള്ള പ്രായോഗിക പ്രശ്‌നങ്ങളും തിരുപ്പതി മാതൃകയിലുള്ള ക്രമീകരണങ്ങള്‍ക്ക് കുറഞ്ഞത് നാലുമാസമെങ്കിലും വേണ്ടിവരുമെന്നതുമാണ് കാരണം. നിലവിലുള്ള വെര്‍ച്വല്‍ ക്യൂ കൂടുതല്‍ കാര്യക്ഷമമാക്കും.
ശബരിമലയില്‍ തിരക്ക് കുറയ്ക്കാനും തീര്‍ഥാടക നിയന്ത്രണത്തിനും ഡിജിറ്റല്‍ ബുക്കിങ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ശബരിമല ചീഫ് കോഓര്‍ഡിനേറ്റര്‍ കൂടിയായ പൊതുമരാമത്തുവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി. കമലവര്‍ധനറാവു, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, എ.ഡി.ജി.പി. എസ്. ആനന്ദകൃഷ്ണന്‍ തുടങ്ങിയവരടങ്ങുന്ന സംഘം തിരുപ്പതി മാതൃകയെപ്പറ്റി പഠനം നടത്തി. ഓണ്‍ലൈന്‍ ബുക്കിങ് അനുവദിക്കുന്ന സമയത്ത് ദര്‍ശനം നടത്തി മടങ്ങുന്ന തിരുപ്പതിസംവിധാനത്തിന് ശബരിമലയില്‍ പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്നും കൂടുതല്‍ ചര്‍ച്ച നടത്തിയും സമയമെടുത്തും മാത്രമേ ഇതു നടപ്പാക്കാനാവൂ എന്നുമാണ് സംഘത്തിന്റെ വിലയിരുത്തല്‍. റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. തിരുപ്പതി ക്ഷേത്രംപോലെ നിത്യവും ദര്‍ശന സൗകര്യമുള്ള സ്ഥലമല്ല ശബരിമല. തീര്‍ഥാടനക്കാലത്ത് പലവഴികളിലൂടെയാണ് ആളുകള്‍ ഇവിടെത്തുന്നത്. ഇതെല്ലാം കണക്കിലെടുത്തുവേണം ഡിജിറ്റല്‍ ബുക്കിങ് ഒരുക്കേണ്ടത്.
തിരുപ്പതിയില്‍ നല്‍കുന്നതുപോലെ ശബരിമലയ്ക്കുള്ള കാനനപാതകളില്‍ വിശ്രമസൗകര്യമോ ഭക്ഷണം നല്‍കുന്നതോ പ്രായോഗികമല്ല. അത്യാവശ്യ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും പരിശോധനയ്ക്കും കൂടുതല്‍ സമയം വേണമെന്നാണ് വിലയിരുത്തല്‍.
ഇനിമുതല്‍ പമ്പയിലേക്കുള്ള യാത്രയ്ക്കും ബേസ് ക്യാമ്പായ നിലയ്ക്കലില്‍ ബുക്കിങ് കൗണ്ടര്‍ ഉണ്ടാകും. ഇതുവഴി തീര്‍ഥാടകരുടെ കൃത്യമായ എണ്ണം കിട്ടും. സന്നിധാനത്തേക്ക് നിയന്ത്രിച്ചുവിടാനുമാകുമെന്നും കരുതുന്നു. ഒരു ദിവസത്തില്‍ക്കൂടുതല്‍ ആരും സന്നിധാനത്ത് നില്‍ക്കരുതെന്ന നിലപാടാണ് പോലീസിനും സര്‍ക്കാരിനുമുള്ളത്.
Leave a Comment