ബെംഗളൂരു: കാമുകിക്ക് വാലന്റൈന്‍സ് ‘സമ്മാനം’ഭാര്യയുടെ ജീവന്‍. കാമുകിയെ സ്വന്തമാക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ 15 വര്‍ഷത്തിനു ശേഷം മലയാളി അറസ്റ്റില്‍. പ്രമുഖ ഐടി സ്ഥാപനത്തില്‍ ആള്‍മാറാട്ടം നടത്തി സീനിയര്‍ മാനേജരായി ജോലി ചെയ്തുവന്ന തരുണ്‍ ജിനരാജി (42) നെയാണ് അഹമ്മദാബാദ് പൊലീസ് ബെംഗളൂരുവിലെത്തി അറസ്റ്റ് ചെയ്തത്. തൃശൂര്‍ വിയ്യൂര്‍ സ്വദേശി ഒ.കെ. കൃഷ്ണന്‍–യാമിനി ദമ്പതികളുടെ മകളും ബാങ്ക് ഉദ്യോഗസ്ഥയുമായ സജ്‌നി( 26)യെ 2003 ഫെബ്രുവരി 14ന് അഹമ്മദാബാദിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മധ്യകേരളത്തില്‍ കുടുംബവേരുകളുള്ള ജിനരാജിന്റെയും അന്നമ്മയുടെയും മകനാണു തരുണ്‍. വിവാഹം കഴിഞ്ഞു നാലാം മാസം ഭാര്യയെ കഴുത്തില്‍ ദുപ്പട്ട മുറുക്കി കൊലപ്പെടുത്തി നാടുവിട്ട ഇയാള്‍ ഒളിവില്‍ കഴിഞ്ഞതു പഴുതുകളെല്ലാം അടച്ചായിരുന്നു. മലയാളി ഐപിഎസ് ഓഫിസര്‍ ദീപന്‍ ഭദ്രന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണമാണ് ഒടുവില്‍ ഫലം കണ്ടത്.
ബാസ്‌കറ്റ്‌ബോള്‍ പരിശീലകനും കായികാധ്യാപകനും ആയിരുന്ന തരുണ്‍ മറ്റൊരു യുവതിയുമായി അടുപ്പത്തില്‍ ആയിരുന്നു.
കാമുകിക്കു വാലന്റൈന്‍സ് ഡേ സമ്മാനം എന്ന നിലയ്ക്കാണു ഭാര്യയെ അന്നു വധിച്ചത്. സജ്‌നിയുടെ ജീവനെടുത്തശേഷം ‘നിനക്കൊരു സമ്മാനമുണ്ട്’ എന്നു കാമുകിയെ ഫോണില്‍ വിളിച്ചു പറഞ്ഞെങ്കിലും കൊലയാളിക്കൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു പ്രതികരണമെന്നു പൊലീസ് പറഞ്ഞു. കവര്‍ച്ചക്കാരാണു ഭാര്യയെ കൊന്നതെന്നു വരുത്തിത്തീര്‍ക്കാന്‍ വീട് അലങ്കോലമാക്കി.
പിന്നീട് ഇയാള്‍ സഹോദരന്‍ അരുണിന്റെ വീട്ടിലെത്തി അത്താഴത്തിനു ക്ഷണിച്ചു. തുടര്‍ന്ന്, മടങ്ങിയെത്തിയപ്പോള്‍ സജ്‌നി മരിച്ചു കിടക്കുന്നതു കണ്ടതായി എല്ലാവരെയും വിളിച്ചു പറഞ്ഞു, ബോധം കെട്ടതായി അഭിനയിച്ചു
തരുണ്‍ പോയ വഴി പൊലീസ് പറയുന്നത് ഇങ്ങനെ
ആശുപത്രിയില്‍ ചികില്‍സ തേടിയ തരുണിനെ പൊലീസ് ചോദ്യം ചെയ്യലിനായി വിളിക്കുന്നു.
പിടിവീഴുമെന്നു കണക്കുകൂട്ടി മീശയും മുടിയും നീക്കി സൂററ്റിലേക്ക്.
അവിടെ നിന്നു സഹോദരനെയും സുഹൃത്തിനെയും വിളിച്ചു പറയുന്നു, ദൂരേക്കു പോകുകയാണെന്ന്. ബെംഗളൂരുവില്‍ എത്തുന്നു. വ്യാജരേഖകള്‍ ഒപ്പിച്ചു ഡല്‍ഹിയില്‍ ജോലി നേടുന്നു.അഞ്ചു വര്‍ഷത്തിനുശേഷം അതേ സ്ഥാപനത്തിന്റെ പുണെ ശാഖയിലേക്ക്. സഹപ്രവര്‍ത്തക നിഷയുമായി 2009ല്‍ വിവാഹം. ബെംഗളൂരുവില്‍ ഐടി സ്ഥാപനത്തിലേക്കു മാറുന്നു. സീനിയര്‍ മാനേജര്‍ തസ്തിക. വാര്‍ഷിക വരുമാനം 22 ലക്ഷം രൂപ.
ഏഴും ആറും വയസ്സുകാരായ രണ്ടു മക്കള്‍. യെലഹങ്കയില്‍ ആഡംബര ഫ്‌ലാറ്റില്‍ താമസം.
പ്രവീണ്‍ ഭാട്ടലെ എന്ന തരുണ്‍
കോളജില്‍ ജൂനിയറായി പഠിച്ച പ്രവീണ്‍ ഭാട്ടലെയ്ക്കു ജോലി സംഘടിപ്പിക്കാമെന്നു പറഞ്ഞു കൈക്കലാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് തരുണ്‍ 15 വര്‍ഷമായി ഭാട്ടലെയായി ജീവിക്കുന്നു. ഭാര്യ നിഷയോടു പോലും സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തിയില്ല. കാര്‍ അപകടത്തില്‍ മാതാപിതാക്കളും സഹോദരനും മരിച്ചെന്നാണ് ആദ്യം പറഞ്ഞത്.
പിന്നീട് മുരിങ്ങൂരിലെ ധ്യാനകേന്ദ്രത്തിലേക്കു മാതാപിതാക്കളെ വിളിച്ചുവരുത്തി, ഭാര്യയുമൊത്ത് അവിടെ ചെന്നു. കണ്ടമാത്രയില്‍ പിതാവ് ജിനരാജ് തളര്‍ന്നുവീണു മരിച്ചു. ഹൃദയാഘാതമായിരുന്നു. പിതാവിന്റെ മൃതദേഹത്തിനൊപ്പം അമ്മയെ വിട്ട്, തരുണ്‍ ആളുകൂടുംമുന്‍പു മടങ്ങി. മകന്റെ വിളികള്‍ക്കായി മാത്രം അമ്മ ഒരു മൊബൈല്‍ ഫോണ്‍ രഹസ്യമായി സൂക്ഷിച്ചു.
പൊലീസ് പോയ വഴി
സജ്‌നിയുടെ അച്ഛന്‍ കൃഷ്ണനും, അവരുടെ സഹോദരീഭര്‍ത്താവും സെറ സാനിറ്ററിവെയേഴ്‌സ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റുമായ പി.കെ.ശശിധരനും നിരന്തരം നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് ഗുജറാത്ത് െ്രെകംബ്രാഞ്ച് അന്വേഷണം 2012ല്‍ പുനരാരംഭിക്കുന്നത്. കൊല്ലം സ്വദേശിയും 2007 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനുമായ ദീപന്‍ ഭദ്രനു ചുമതല.
ഓരോ വര്‍ഷവും വാലന്റൈന്‍സ് ദിന പത്രങ്ങളില്‍ സജ്‌നിയുടെ ചിത്രവും അടിക്കുറിപ്പും വരുന്നതു തങ്ങള്‍ക്കുള്ള ഓര്‍മക്കുറിപ്പായി കണക്കാക്കിയെന്നു ഡപ്യൂട്ടി കമ്മിഷണര്‍ ദീപന്‍.
രുണിന്റെ അമ്മ അന്നമ്മയുടെ ഫോണിലേക്കുള്ള എല്ലാ കോളുകളും 6 വര്‍ഷം നിരീക്ഷിച്ചു. അഹമ്മദാബാദ് ബോപലിലെ അവരുടെ വീടും ഇളയ മകന്‍ അരുണും നിരീക്ഷണത്തില്‍. അതേ സമുച്ചയത്തിലെ മറ്റു വീടുകളില്‍ വേഷം മാറി പൊലീസ് താമസിച്ചത് മൂന്നു വര്‍ഷം. അതിനിടെ പ്രധാന വിവരം കിട്ടി; അന്നമ്മയുടെ മൂത്ത മകന്‍ ദക്ഷിണേന്ത്യയിലാണെന്ന്. അവരുടെ യാത്രകളില്‍ പൊലീസ് പിന്നാലെ കൂടി.
ബെംഗളൂരുവില്‍ ഇവര്‍ മിക്കവാറും പോകുന്ന വീട്ടിലെ യുവതിയുടെ പേര് നിഷ എന്നാണെന്നും ഭര്‍ത്താവ് പ്രവീണും രണ്ടു മക്കളുമുണ്ടെന്നും അറിഞ്ഞു. എന്നാല്‍ പ്രവീണ്‍ തരുണ്‍ ആണെന്നു മനസ്സിലായില്ല. നിഷ ബന്ധുവിന്റെ മകളാണെന്നാണ് അന്നമ്മ പറഞ്ഞിരുന്നത്.
അങ്ങനെയിരിക്കെ, അന്നമ്മയുടെ ഫോണിലേക്ക് ബെംഗളൂരുവിലെ ഐടി സ്ഥാപനത്തിലെ ലാന്‍ഡ് ലൈനില്‍ നിന്നു വിളി വന്നതാണു വഴിത്തിരിവായത്. വിളിച്ചതു പ്രവീണ്‍ ആണന്നു മനസ്സിലായി. അതോടെ തരുണ്‍ ആണിതെന്നു സംശയം ബലപ്പെട്ടു. തരുണിന്റെ ഫോട്ടോ സഹപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞു. യഥാര്‍ഥ പ്രവീണ്‍ ഭാട്ടലെ വടക്കേ ഇന്ത്യയിയില്‍ അധ്യാപകനാണെന്നു വ്യക്തമായി; കുരുക്ക് മുറുകി.
വളഞ്ഞ മോതിരവിരല്‍
ഡപ്യൂട്ടി കമ്മിഷണര്‍ ദീപന്‍ ഭദ്രന്‍ പറയുന്നു: ”കായികാധ്യാപകനായിരിക്കെ പരുക്കേറ്റതിനാല്‍ തരുണിന്റെ വലതുകയ്യിലെ മോതിരവിരല്‍ പ്രത്യേകരീതിയില്‍ വളഞ്ഞിരിക്കും. തിരിച്ചറിയാനുള്ള മുഖ്യ അടയാളം. ഇന്‍സ്‌പെക്ടര്‍ കിരണ്‍ ചൗധരി മഫ്ടിയില്‍ തരുണിന്റെ ഓഫിസിലെത്തി അയാളെ പുറത്തേക്കു വിളിച്ചു.
പുറത്തെത്തിയ ഉടന്‍ തരുണിനു കൈകൊടുത്തു. മോതിര വിരല്‍ വളഞ്ഞാണ് ഇരിക്കുന്നതെന്നു മനസ്സിലാക്കി. തരുണ്‍ അല്ലേയെന്ന് ചൗധരിയുടെ ചോദ്യം. പെട്ടെന്നു മുഖം വിളറിയെങ്കിലും അതെ എന്നു മറുപടി. ശരി, പോകാം എന്നു പറഞ്ഞു കൂടെക്കൂട്ടി. അതായിരുന്നു ആ അറസ്റ്റ്. 15 വര്‍ഷം വൈകിയ അറസ്റ്റ്.’ഗാര്‍ഹികപീഡനക്കുറ്റത്തിന് തരുണിന്റെ മാതാപിതാക്കളെയും സഹോദരനെയും 2003ല്‍ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവച്ചു എന്ന കുറ്റവും അന്നമ്മയുടെ മേല്‍ ചുമത്തും.
പിടിയിലായതിനു തൊട്ടുപിന്നാലെ ചോദ്യങ്ങള്‍ക്കൊന്നും കാക്കാതെ എല്ലാം തുറന്നു പറഞ്ഞ തരുണിന് അറിയേണ്ടിയിരുന്നത് ഒറ്റക്കാര്യം, ‘ സര്‍, ആരാണ് എന്നെ ഒറ്റിയത്?
Leave a Comment