സച്ചിനെ പിന്തള്ളി കോഹ്ലിയുടെ കുതിപ്പ്

ഗുഹാവത്തി: ഏറ്റവും വേഗത്തില്‍ 60 സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് സ്വന്തം. ഗുവാഹാത്തിയില്‍ വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിലെ സെഞ്ച്വറിയോടെയാണ് കോഹ്ലിയുടെ നേട്ടം. 386 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോഹ്ലി ഈ നേട്ടത്തില്‍ എത്തിയത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് കോഹ്ലി തകര്‍ത്തത്.

ഈ നേട്ടത്തിലെത്താന്‍ സചിന് കോഹ്ലിയേക്കാള്‍ 40 ഇന്നിംഗ്‌സ് കൂടുതല്‍ കളിക്കേണ്ട വന്നു. അന്താരാഷ്ട്ര കരിയറില്‍ 36 ഏകദിന സെഞ്ച്വറികളും 24 ടെസ്റ്റ് സെഞ്ച്വറികളും കോഹ്ലി ഇതുവരെ നേടിയിട്ടുണ്ട്. 60 സെഞ്ച്വറി ക്ലബില്‍ എത്തുന്ന അഞ്ചാമത്തെ ക്രിക്കറ്റ് താരമായി കോഹ്ലി ഇന്ന് മാറി.

മത്സരത്തില്‍ ഇന്ത്യ തര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ഉജ്വല സെഞ്ചുറികളുമായി ഗുവാഹത്തിയില്‍ റണ്‍മഴ പെയ്യിച്ച് സെഞ്ചുറി സ്വന്തമാക്കിയാണ് കോഹ്‌ലിയും (140) രോഹിത് ശര്‍മയും (പുറത്താകാതെ 152) ഇന്ത്യയ്ക്ക് ആവേശജയം സമ്മാനിച്ചത്. കോഹ്‌ലി ഏകദിനത്തിലെ 36–ാം സെഞ്ചുറി കുറിച്ചപ്പോള്‍ രോഹിത് സെഞ്ചുറിയെണ്ണം ഇരുപതില്‍ എത്തിച്ചു. കോഹ്‌ലിയാണ് കളിയിലെ കേമന്‍.

സ്‌കോര്‍ബോര്‍ഡില്‍ പത്തു റണ്‍സ് മാത്രമുള്ളപ്പോള്‍ ശിഖര്‍ ധവാനെ നഷ്ടമായശേഷം രണ്ടാം വിക്കറ്റില്‍ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് (246) തീര്‍ത്താണ് ഇരുവരും ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് യുവതാരം ഷിംറോണ്‍ ഹെറ്റ്മയറിന്റെ സെഞ്ചുറിക്കരുത്തില്‍ (106) 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സാണെടുത്തത്. ഏകദിന ബാറ്റിങ്ങില്‍ ലോക റാങ്കിങ്ങിലെ ഒന്നും രണ്ടും സ്ഥാനക്കാരായ കോഹ്‌ലിയും രോഹിതും ഫോമിന്റെ ഉച്ചാസ്ഥിയിലെത്തിയതോടെ 43–ാം ഓവറിന്റെ ആദ്യ പന്തില്‍ത്തന്നെ ഇന്ത്യ വിജയലക്ഷ്യം പിന്നിട്ടു. ഇതോടെ അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1–-0ന് മുന്നിലെത്തി. രണ്ടാം ഏകദിനം 24ന് വിശാഖപട്ടണത്ത് നടക്കും.

pathram:
Related Post
Leave a Comment