സുരേന്ദ്രനുമായി രഹ്ന മംഗലാപുരത്ത് കൂടിക്കാഴ്ച നടത്തിയോ…? സെക്‌സ് റാക്കറ്റ് കേസില്‍ രശ്മിക്കെതിരെ മൊഴി നല്‍കിയതിലുള്ള പകപോക്കലാണ് ആരോപണത്തിനു പിന്നിലെന്ന് രഹ്ന ഫാത്തിമ

കൊച്ചി: ഓണ്‍ലൈന്‍ സെക്‌സ്‌റാക്കറ്റ് കേസിലെ മുഖ്യപ്രതിയും മോഡലുമായ രശ്മി നായരുടെ ആരോപണം നിഷേധിച്ച് രഹ്ന ഫാത്തിമ. സെക്‌സ് റാക്കറ്റ് കേസില്‍ രശ്മിക്കെതിരെ മൊഴി നല്‍കിയതിലുള്ള പകപോക്കലാണ് ആരോപണത്തിനു പിന്നിലെന്ന് രഹ്ന ഫാത്തിമ. ഇന്നു രാവിലെ ശബരിമലയിലെ നടപ്പന്തല്‍ വരെ എത്തിയെങ്കിലും നടിയും മോഡലുമായ രഹ്നയ്ക്കു പ്രതിഷേധത്തെത്തുടര്‍ന്നു തിരികെ പോരേണ്ടി വന്നിരുന്നു. ബിജെപി നേതാവ് കെ. സുരേന്ദ്രനുമായി രഹ്ന മംഗലാപുരത്ത് കൂടിക്കാഴ്ച നടത്തിയെന്നും കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണു ശബരിമല സന്ദര്‍ശനമെന്നുമായിരുന്നു രശ്മി നായരുടെ സമൂഹമാധ്യമത്തിലെ പോസ്റ്റ്. ഇതു വിശ്വസിച്ചാണു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്റെ ശബരിമല സന്ദര്‍ശനത്തില്‍ ഗൂഢാലോചനയുണ്ടെന്നു പ്രതികരിച്ചതെന്നും രഹ്ന ആരോപിക്കുന്നു. രണ്ടു വര്‍ഷം മുന്‍പ് കെ. സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ ശബരിമലയിലെ യുവതീപ്രവേശത്തെ അനുകൂലിച്ച് പോസ്റ്റിട്ടിരുന്നു. ഇതിനു തന്റെ സുഹൃത്തുക്കളാരോ തന്നെ ടാഗ് ചെയ്തിരുന്നു. തന്റെ നിലപാട് സമാനമായതിനാല്‍ അന്ന് ടാഗ് ആക്‌സപ്റ്റ് ചെയ്തിരുന്നു. ഇതു മാത്രമാണു കെ. സുരേന്ദ്രനുമായി തനിക്കുള്ള പരിചയം. അല്ലാതെ അദ്ദേഹത്തെ താന്‍ മംഗലാപുരത്തു കണ്ടെന്നും അതിന് അവര്‍ക്ക് നേരിട്ട് അറിവുണ്ടെന്നുമെല്ലാം രശ്മി പറയുന്നത് നുണയാണ്. സെക്‌സ് റാക്കറ്റ് കേസില്‍ രശ്മിയും രാഹുല്‍ പശുപാലനും അറസ്റ്റിലായപ്പോള്‍ അവര്‍ക്കെതിരെ മൊഴി നല്‍കിയതിലുള്ള പകപോക്കലാണ് ഇതെന്നും രഹ്ന പറയുന്നു. രഹ്നയുടെ ഭത്താവ് മനോജ് ശ്രീധര്‍ നിര്‍മിക്കാനിരുന്ന ‘പ്ലിങ്’ എന്ന സിനിമയ്ക്കു വേണ്ടി വന്ന സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് അന്നു താന്‍ സെക്‌സ്‌റാക്കറ്റില്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു രശ്മിയും രാഹുലും പൊലീസിനോടു പറഞ്ഞിരുന്നത്. ഇതു ശരിയല്ലെന്നും സിനിമയ്ക്കു വേണ്ട ചെലവുകള്‍ താനാണു വഹിച്ചതെന്നും ഇതുവഴി അവര്‍ക്ക് യാതൊരു ബാധ്യതയുമുണ്ടായിട്ടില്ലെന്നും മനോജും രഹ്നയും പൊലീസിനു മൊഴി നല്‍കിയിരുന്നു.ചുംബന സമരവുമായി ബന്ധപ്പെട്ടു പരിചയപ്പെട്ട ഇവരുമായുള്ള ബന്ധം പിന്നീടു ശരിയല്ലെന്നു ബോധ്യമായതിനെ തുടര്‍ന്ന് വിച്ഛേദിച്ചിരുന്നതായി മനോജും രഹ്നയും മാധ്യമങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വിഡിയോകള്‍ ഇപ്പോഴും യുട്യൂബില്‍ ലഭ്യമാണെന്നും സംശയമുള്ളവര്‍ക്കു പരിശോധിക്കാമെന്നും രഹ്ന പറയുന്നു.
ഇന്നു രാവിലെ കുടുംബവുമായി ശബരിമല കയറാനെത്തിയ രഹ്നയെ വിശ്വാസികള്‍ നടപ്പന്തലിനു സമീപം തടഞ്ഞിരുന്നു. ഹെല്‍മറ്റ് ധരിച്ച് കനത്ത പൊലീസ് സുരക്ഷയിലാണ് ഇവര്‍ നടപ്പന്തല്‍ വരെ എത്തിയത്. രഹ്നയുടെ ശബരിമല സന്ദര്‍ശനം പുറത്തു വന്നതോടെ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടുപേര്‍ ഇവരുടെ എറണാകുളം പനമ്പള്ളി നഗറിലെ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സിലെ വീട് തല്ലി തകര്‍ക്കുകയും ചെയ്തു. വീടിന്റെ ചില്ലുകളും പുറത്തുണ്ടായിരുന്ന കസേരകളും വ്യായാമ ഉപകരണങ്ങളും മറ്റും നശിപ്പിച്ചിട്ടുണ്ട്

pathram:
Related Post
Leave a Comment