സൂചൗ: ചൈനയുമായുള്ള പോരാട്ടത്തില്‍ ഇന്നുവരെ ഇന്ത്യയ്ക്ക് ചരിത്രം കുറിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍, ഇത്തവണ വിജയം ഉറപ്പിക്കുക തന്നെയാണ് ഇന്ത്യന്‍ നിരയുടെ ലക്ഷ്യം. അങ്ങനെ ഒരു ചരിത്ര നിമിഷത്തിനാണ് ലോകം ഇന്ന് കാത്തിരിക്കുന്നത്. ചൈനയെ അവരുടെ തട്ടകത്തില്‍ പോയി നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യ കളത്തിലിറങ്ങുമ്പോള്‍ ഏറ്റവും അഭിമാനം കൊള്ളുന്നത് കേരളമാണ് എന്നതില്‍ സംശയമില്ല. കേരളക്കരയുടെ അഭിമാനതാരങ്ങളാണ് ചൈനയെ നേരിടാനുള്ള ഇന്ത്യയുടെ പ്രധാന ആയുധങ്ങള്‍. ചൈനയ്ക്കെതിരെ ഇന്ത്യയുടെ പ്രതിരോധക്കോട്ട കാക്കാന്‍ മലയാളിതാരം അനസ് എടത്തോടികയും ബ്ലാസ്റ്റേഴ്സ് നായയകന്‍ സന്ദേശ് ജിങ്കനും കളത്തിലിറങ്ങും. മുന്നേറ്റത്തില്‍ ഛേത്രിക്ക് കരുത്ത് പകരുന്നത് മുംബൈയ്ക്ക് എതിരെ ഗോളടിച്ച ബ്ലാസ്റ്റേര്‍സിന്റെ സ്ട്രൈക്കര്‍ ഹാലിചരന്‍ നര്‍സാരിയാണ്. മലയാളിയും യുവതാരവുമായ ആഷിഖ് കുരുണിയനും ടീമിലുണ്ട്.
ബ്ലാസ്റ്റേഴ്സ് താരങ്ങളായ സന്ദേശ് ജിങ്കനും അനസ് എടത്തൊടികയുമാണ് ടീമിന്റെ ഉറച്ച പ്രതിരോധം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ ഗോള്‍മുഖം കാത്ത് ബോക്സിന് പുറത്ത് ഇരുവരും കോട്ടകെട്ടുന്നു. സെന്റര്‍ ബാക്കുകളാണെങ്കിലും മൈതാനത്തിന്റെ ഏത് വിങിലും പറന്ന് ചെന്ന് പന്ത് റാഞ്ചാന്‍ മിടുക്കരാണ് ഈ സഖ്യം. ഗോള്‍പോസ്റ്റിന് മുന്നില്‍ കീപ്പര്‍ ഗുര്‍പ്രീത് സിങിന്റെ വിശ്വസ്ഥരാണ് ഇരുവരും.
ചൈനയെ പ്രതിരോധിച്ച് കീഴ്പ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കുകയെന്ന് സുനില്‍ ഛേത്രി വ്യക്തമാക്കി കഴിഞ്ഞു. കരുത്തുള്ള പ്രതിരോധ നിരയാണ് ടീമിന്റെ നട്ടെല്ല് അത്കൊണ്ട് തന്നെ പ്രതിരോധത്തില്‍ ഊന്നിയ കളിയാകും ടീം പുറത്തെടുക്കുകയെന്നാണ് ഛേത്രി പറഞ്ഞത്. അങ്ങനെയെങ്കില്‍ മത്സരത്തിന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും ജിങ്കന്‍-അനസ് സഖ്യത്തിനാകും.
കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ താരം ഹാലിചരന്‍ നര്‍സാരിയാണ് ചൈനക്കെതിരായ മത്സരത്തിലെ മറ്റൊരു സാന്നിധ്യം. ഇടതു വിങിന്റെ ചുമതലയാകും കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ നര്‍സാരിയെ ഏല്‍പ്പിക്കുക. യുവതാരം ആഷിഖ് കുരുണിയന്‍ അന്തിമ ഇലവനില്‍ ഇടം പിടിക്കുമെന്നുറപ്പില്ലെങ്കിലും പകരക്കാരനായി മൈതാനത്ത് പ്രതീക്ഷിക്കാം.
Leave a Comment