ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിനെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ നിരീക്ഷിച്ചുവരികയാണെന്ന് സിബിസിഐ

ഡല്‍ഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിനെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ നിരീക്ഷിച്ചുവരികയാണെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ). പൊലീസ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അറിയാന്‍ കാത്തിരിക്കുകയാണ്. വത്തിക്കാന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യയിലെ കര്‍ദിനാള്‍മാരെയാണ് ഇക്കാര്യം അറിയിച്ചത്. ബിഷപ്പിന്റെ അറസ്റ്റിനുശേഷമുളള സാഹചര്യം കര്‍ദിനാള്‍മാര്‍ വത്തിക്കാനെ അറിയിച്ചു.
സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിനുമായി കര്‍ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബസേലിയോസ് ക്ലീമിസ്, ഓസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവരാണ് ചര്‍ച്ച നടത്തി കാര്യങ്ങള്‍ ബോധിപ്പിച്ചത്. പ്രിഫക്ടുമാരായ കര്‍ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോനി, ലിയനാര്‍ഡോ സാന്ദ്രി എന്നിവര്‍ക്കൊപ്പമാണ് ഇവര്‍ പരോളിനെ കണ്ടത്. പൊലീസ് അന്വേഷണം തീരാന്‍ വത്തിക്കാന്‍ കാത്തിരിക്കുകയാണെന്ന ഉറപ്പാണ് ഇവര്‍ക്ക് ലഭിച്ചത്. ഇന്ത്യയിലെ ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമാണെന്ന് കര്‍ദിനാള്‍മാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കുമായി പ്രാര്‍ഥിക്കുന്നതായി സിബിസിഐ പ്രസിഡന്റ് കൂടിയായ മുംബൈ ആര്‍ച്ച് ബിഷപ്പ് ഓസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞു. ബിഷപ്പുമാരുടെ സിനഡില്‍ പങ്കെടുക്കാനാണ് ഇവര്‍ വത്തിക്കാനിലെത്തിയിരിക്കുന്നത്.
ഇന്ത്യന്‍ നിയമസംവിധാനങ്ങളിലുളള വിശ്വാസം വത്തിക്കാനെ അറിയിച്ചെന്നും സത്യം പൂര്‍ണമായി പുറത്തുവരുമെന്നു കരുതുന്നതായും സിബിസിഐ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യയിലെ വിശ്വാസികള്‍ക്കൊപ്പമാണു തങ്ങളുടെ മനസെന്നും കേസുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നതായും കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് വ്യക്തമാക്കുന്നു. യുവാക്കള്‍ക്കായി നടക്കുന്ന സിനഡ് സഭയില്‍ പുതുജീവനും ശക്തിയും കൊണ്ടുവരുമെന്ന പ്രത്യാശയും സിബിസിഐ പങ്കുവെച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7