യുവരാജ് സിങ്ങിന്റെ മാതാവ് ഷബ്‌നം കൗറില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.
തട്ടിപ്പ് സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചതിനെ തുടര്‍ന്നാണ് ഷബ്‌നത്തിന് പണം നഷ്ടപ്പെട്ടത്. ഒരു കോടി രൂപ തട്ടിയെടുത്ത സ്ഥാപനത്തില്‍ നിന്നും 50 ലക്ഷം രൂപ തിരികെ ലഭിച്ചതായി വിവരമുണ്ട്. ഷബ്‌നത്തിന് അടക്കം നിരവധി പേര്‍ക്ക് ഇത്തരത്തില്‍ പണം നഷ്ടമായിട്ടുണ്ട്. മുംബൈ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പണം നിക്ഷേപിച്ച രേഖകളും നിക്ഷേപിച്ചതിന്റെ ഉദ്ദേശവും വെളിപ്പെടുത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടതായാണ് വിവരം. സാധന എന്‍ടര്‍്രൈപസസ് എന്ന കമ്പനിക്കെതിരെയാണ് അന്വേഷണം. പ്രതിവര്‍ഷം 84 ശതമാനം പണം തിരികെ ലഭിക്കുമെന്നാണ് ഷബ്‌നത്തിന് കമ്പനി വാഗ്ദാനം ചെയ്തത്. 50 ലക്ഷം തിരികെ ലഭിച്ചെങ്കിലും പിന്നീട് പണമൊന്നും ലഭിച്ചില്ല. തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന് പരാതി നല്‍കിയത്.
നേരത്തേ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനും സമാനമായ രീതിയില്‍ 15 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ബെംഗളൂരു ആസ്ഥാനമാക്കിയുളള നിക്ഷേപ കമ്പനിയായ വിക്രം ഇന്‍വസ്‌റ്റേഴ്‌സിന് എതിരെയാണ് താരം പരാതി നല്‍കിയത്. ദ്രാവിഡിനെ കൂടാതെ മറ്റ് ചില കായിക താരങ്ങളും ഈ കമ്പനിയുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ദ്രാവിഡ് മാത്രമാണ് പരാതി നല്‍കിയിട്ടുളളത്.
കമ്പനിയുടെ മാനേജര്‍മാരില്‍ ഒരാളായ സുത്രം സുരേഷ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇദ്ദേഹം മുന്‍ കായിക മാധ്യമപ്രവര്‍ത്തകനായിരുന്നു. സദാശിവ നഗര്‍ പൊലീസ് സ്‌റ്റേഷനിലാണ് ദ്രാവിഡ് പരാതി നല്‍കിയിട്ടുളളത്. വലിയ തോതിലുളള പണം തിരിച്ചു തരാമെന്ന് വാഗ്ദാനം നല്‍കിയതിനാല്‍ 2014ലാണ് താന്‍ പണം നിക്ഷേപിച്ചതെന്ന് ദ്രാവിഡ് പരാതിയില്‍ പറയുന്നു. എന്നാല്‍ പലിശ അടക്കമുളള പണം പോയിട്ട് താന്‍ നിക്ഷേപിച്ച പണം പോലും കമ്പനി തന്നില്ലെന്നും ദ്രാവിഡ് പരാതിപ്പെട്ടു. ബന്ധപ്പെട്ട രേഖകളും അദ്ദേഹം പൊലീസിനെ ഏല്‍പ്പിച്ചിട്ടുണ്ട്. തുടക്കത്തില്‍ നിക്ഷേപകര്‍ക്ക് വലിയ തോതിലുളള പണം തിരിച്ച് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നിക്ഷേപകരുടെ വാക്ക്‌കേട്ട് മറ്റുളളവരും പണം നിക്ഷേപിച്ചു. എന്നാല്‍ പിന്നീട് ദ്രാവിഡ് അടക്കമുളളവരെ കമ്പനി വഞ്ചിക്കുകയായിരുന്നു.
Leave a Comment