തന്ത്രിമാരെ ചര്‍ച്ചയ്ക്ക് വിളിച്ചത് അറിയില്ലെന്ന് കടകംപള്ളി; തെറ്റിദ്ധാരണ പരത്തുന്നത് കോണ്‍ഗ്രസും ബിജെപിയും

തിരുവനന്തപുരം: ശബരിമലവിഷയത്തില്‍ തന്ത്രിമാരെ ചര്‍ച്ചയ്ക്ക് വിളിച്ചത് അറിയില്ലെന്ന് പറഞ്ഞ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിഷയത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന് തന്ത്രികുടുംബം അറിയിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയുമാണ് തെറ്റിദ്ധാരണ പരത്തുന്നതിന് പിന്നില്‍. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കേണ്ട കാര്യം സര്‍ക്കാറിനില്ല.

സുപ്രീംകോടതി വിധി അന്തിമമാണെന്ന് തന്ത്രികുടുംബത്തിനും വിവാദങ്ങളുണ്ടാക്കുന്നവര്‍ക്കും അറിയാഞ്ഞിട്ടല്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. സുപ്രീംകോടതിയില്‍ പുനഃപരിശോധനാഹര്‍ജി നല്‍കേണ്ടവര്‍ നല്‍കട്ടെ. ഹര്‍ജിയില്‍ അന്തിമതീരുമാനം വരുമ്പോള്‍ നോക്കാമെന്നും കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

‘ചോദിച്ചുവാങ്ങിയ വിധിയെന്ന പ്രതിപക്ഷനേതാവിന്റെ പരാമര്‍ശം തന്നെ ഉദാഹരണം. ഇടത് സര്‍ക്കാരോ സിപിഎമ്മോ ശബരിമലയില്‍ സ്ത്രീപ്രവേശനം വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പോയിട്ടില്ല. വിശ്വാസികള്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹിന്ദുമതത്തിന്റെ ആചാരങ്ങളെക്കുറിച്ച് അഗാധപാണ്ഡിത്യമുള്ളവരടങ്ങുന്ന ഒരു കമ്മീഷന്‍ രൂപീകരിച്ച് അന്തിമതീരുമാനമെടുക്കണമെന്നാണ് ഇടത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞത്. ഭരണഘടനയുടെ എല്ലാ വശങ്ങളും പരിശോധിച്ചാണ് സുപ്രീംകോടതി അന്തിമവിധി പറഞ്ഞതും. ഇതൊന്നും യുഡിഎഫിനും വിവാദമുണ്ടാക്കുന്ന മറ്റ് പലര്‍ക്കും അറിയാഞ്ഞിട്ടാണോ?’ കടകംപള്ളി ചോദിച്ചു.

pathram:
Leave a Comment