ശബരിമല സന്നിധാനത്ത് പുലിയിറങ്ങി; കണ്ടത് മാളികപ്പുറം പടിക്കെട്ടിന് സമീപം

ശബരിമല: സന്നിധാനത്ത് പുലിയിറങ്ങി. കഴിഞ്ഞ ദിവസം രാത്രി 9.30ന് മാളികപ്പുറം പടിക്കെട്ടിനു താഴെ കാട്ടുപന്നികളുടെ അലര്‍ച്ച കേട്ട് ദേവസ്വം ഗാര്‍ഡുകള്‍ മേല്‍പ്പാലത്തിലൂടെ എത്തിനോക്കുമ്പോള്‍ കാട്ടുപന്നിയെ പുലി കടിച്ചു വലിച്ച് നീങ്ങുന്നതാണ് കണ്ടത്. ഉടന്‍ വനപാലകരെ വിവരം അറിയിച്ചു. രാവിലെ നടത്തിയ പരിശോധനയില്‍ ചെവി മുതല്‍ വയറു വരെയുള്ള ഭാഗം കീറി അവശനിലയിലായ കാട്ടുപന്നിയെ കണ്ടെത്തി. പന്നിയെ പാണ്ടിത്താവളത്തിലെ ഇന്‍സിനറേറ്ററിന്റെ അടുത്തേയ്ക്കു മാറ്റി.
അതേസമയം ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ ചര്‍ച്ചകള്‍ വിവാദമായിക്കൊണ്ടിരിക്കുകയാണ്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതില്‍ നിന്നും തന്ത്രി കുടുംബം പിന്‍മാറി. റിവ്യൂ ഹര്‍ജ്ജിയില്‍ തീരുമാനം ആയതിനുശേഷം മതിയെന്ന് കണ്ഠരര് മോഹനരര് വ്യക്തമാക്കി.
ഇത് സര്‍ക്കാരിന്റെ സമവായ നടപടികള്‍ക്കുള്ള തിരിച്ചടിയാണ്. സ്ത്രീപ്രവേശനത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുന്ന നടപടിയാണ് തന്ത്രി കുടുംബം നടത്തിയിരിക്കുന്നത്. എന്‍എസുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇത്തരത്തില്‍ തീരുമാനം മാറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നാളെ പന്തളം രാജകുടുംബത്തിനൊപ്പം തന്ത്രികുടുംബവും പുനപ്പരിശോധന ഹര്‍ജ്ജി നല്‍കുന്നുണ്ട്. കഴിഞ്ഞദിവസം ഇവര്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിരുന്നു. പന്തളത്ത് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ നടന്ന നാമജപ ഘോഷയാത്രയില്‍ മൂന്ന് തന്ത്രിമാരും പങ്കെടുത്തിരുന്നു. ചര്‍ച്ചയ്ക്കായി തന്ത്രിമാരായ കണ്ഠരര് രാജീവരര്, കണ്ഠരര് മോഹനരര, മഹേഷ് മോഹനരര് എന്നിവരോട് തിരുവനന്തപുരത്തേക്ക് എത്തുവാന്‍ ദേവസ്വം മന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു.

pathram:
Related Post
Leave a Comment