തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ശബരിമല തന്ത്രികുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് തന്ത്രികുടുംബവുമായി ശനിയാഴ്ച ചര്‍ച്ച നടത്തുക.
വിഷയത്തില്‍ രാഷ്ട്രീയത്തിന് അതീതമായി ഹിന്ദുസംഘടനകള്‍ സമരത്തിനിറങ്ങിയതിനെത്തുടര്‍ന്ന് സമവായ ശ്രമത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിശ്വാസികള്‍ക്ക് മുറിവേറ്റുവെന്ന തരത്തിലുള്ള പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ശബരിമലയിലെ തന്ത്രിമാരുമായി ചര്‍ച്ച നടത്തണമെന്ന നിലപാടിലേക്കെത്തിയിരുന്നു.
ഇതിന്റെ പിന്നാലെയാണ് തന്ത്രിമാരായ കണ്ഠരര് രാജീവരര്, കണ്ഠരര് മോഹനരര്, മഹേഷ് മോഹനരര് എന്നിവരോട് തിരുവനന്തപുരത്തേക്ക് ചര്‍ച്ചക്കെത്താന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചത്. ദേവസ്വംബോര്‍ഡ് പ്രസിഡന്റും മെമ്പര്‍മാരും ചര്‍ച്ചയില്‍ പങ്കെടുക്കും. ഭരണഘടനാ ബെഞ്ചിന്റെ വിധിയായതിനാല്‍ അത് നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് സര്‍ക്കാര്‍ ഇവരെ ബോധ്യപ്പെടുത്തും.
അതേസമയം ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി. ആര്‍എസ്എസും ബിജെപി സംസ്ഥാന നേതൃത്വവും സ്വീകരിച്ച നിലപാടിനെതിരെയാണ് പ്രതിഷേധം. ഹിന്ദുവികാരം മാനിക്കാതെ വിധിക്കെതിരെ പ്രക്ഷോഭത്തിന് ഇറങ്ങാന്‍ നേതൃത്വം വൈകി. സംസ്ഥാന നേതൃത്വം ആര്‍എസ്എസിന് കീഴ്‌പ്പെട്ടുവെന്നും വിമര്‍ശനം ഉയര്‍ന്നു. സ്ത്രീപ്രവേശനത്തെ ന്യായീകരിച്ച് പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനം വന്നതിലും പ്രതിഷേധം ഉയര്‍ന്നു.
Leave a Comment