കേരള ബാങ്കിന് തത്വത്തില്‍ അനുമതി ലഭിച്ചെന്ന് പിണറായി വിജന്‍; മാര്‍ച്ച് 31നകം ലയനം പൂര്‍ത്തിയാക്കണം; ആര്‍ബിഐക്ക് കള്ളക്കത്തുകള്‍ അയച്ചവര്‍ക്കെതിരേ അന്വേഷണം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറെ പ്രതീക്ഷയോടെ മുന്നോട്ടുവച്ച കേരള ബാങ്ക് യാഥാര്‍ത്ഥ്യമായേക്കും. കേരള ബാങ്കിന് റിസര്‍വ് ബാങ്കിന്റെ തത്വത്തിലുള്ള അനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. റിസര്‍വ് ബാങ്ക് വ്യവസ്ഥകള്‍ പാലിച്ച് മാര്‍ച്ച് 31നു മുന്‍പ് സംസ്ഥാന, ജില്ലാ, പ്രാഥമിക സഹകരണ ബാങ്കുകളുടെ ലയന നടപടികള്‍ പൂര്‍ത്തിയാക്കി റിസര്‍വ് ബാങ്കിനെ ബോധ്യപ്പെടുത്തി അന്തിമ അനുമതിയും ലൈസന്‍സും നേടണമെന്നാണ് അറിയിപ്പ്.

കേരള ബാങ്ക് രൂപവല്‍ക്കരണത്തിന് 19 വ്യവസ്ഥകളും മുന്നോട്ടുവച്ചിട്ടുണ്ട്. വ്യവസ്ഥകളുള്ളതിനാല്‍ ഓര്‍ഡിനന്‍സ് വേണോ എന്ന കാര്യത്തില്‍ നിയമോപദേശം തേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാങ്ക് രൂപവല്‍ക്കരിക്കുന്നതിനെതിരെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കു പരാതി നല്‍കിയിരുന്നുവെന്നും ഇതു തള്ളിയാണ് അനുമതി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ത്രിതല ബാങ്കിങ് സംവിധാനം നിലനിര്‍ത്തണമെന്നും കേരള ബാങ്കിന് അനുമതി നല്‍കരുതെന്നുമാണ് ആവശ്യപ്പെട്ടിരുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ പേരില്‍ കള്ളക്കത്തുകളും റിസര്‍വ് ബാങ്കിനു നല്‍കിയിരുന്നു. ഈ വ്യാജക്കത്തുകളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റിസര്‍വ് ബാങ്ക് മുന്നോട്ടുവച്ച വ്യവസ്ഥകള്‍ ഇതൊക്കെയാണ്….

കേരള സഹകരണ നിയമവും ചട്ടവും പാലിച്ചു വേണം ലയനം.

ലയനത്തെ സ്‌റ്റേ ചെയ്തുകൊണ്ടോ നിരോധിച്ചു കൊണ്ടോ കോടതി വിധികളില്ലെന്നു സര്‍ക്കാര്‍ ഉറപ്പാക്കണം.

സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും ലയന പദ്ധതി തയ്യാറാക്കി അംഗങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കണം.

ജനറല്‍ ബോഡി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ലയന പ്രമേയം പാസാക്കണം.

ജില്ലാബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ധാരണാപത്രം ഒപ്പുവയ്ക്കണം.

ലയനശേഷം സംസ്ഥാന സഹകരണ ബാങ്കിന്റെ മൂലധനപര്യാപ്തത ആര്‍ബിഐയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം.

ബാങ്കിന്റെ ബാലന്‍സ് ഷീറ്റ് നിയമപരമായ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ശേഷിയുള്ളതും ജനങ്ങള്‍ക്ക് എല്ലാ സേവനങ്ങളും നല്‍കാന്‍ പര്യാപ്തവുമായിരിക്കണം.

ക്രമരഹിത ഇടപാടുകളിലൂടെ ആസ്തികള്‍ നിഷ്‌ക്രിയമായിട്ടുണ്ടെങ്കില്‍ മുഴുവന്‍ തുകയ്ക്കും കരുതല്‍ സൂക്ഷിക്കണം.

ആസ്തി, ബാധ്യത എന്നിവയുടെ മൂല്യനിര്‍ണയം നടത്തുകയും നഷ്ട ആസ്തികള്‍ക്ക് കരുതല്‍ സൂക്ഷിക്കുകയും വേണം.

സംസ്ഥാന സഹകരണ ബാങ്കിന്റേയും ജില്ലാ ബാങ്കുകളുടേയും പലിശ നിരക്കുകളില്‍ വ്യത്യാസമുണ്ടെങ്കില്‍ ഉപഭോക്താക്കളെ അറിയിക്കണം.

ലയനശേഷം മികച്ച സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കണം.

മൈഗ്രേഷന്‍ ഓഡിറ്റ് നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കണം.

കേരള ബാങ്ക് മേധാവിയുടെ നിയമനം മാനദണ്ഡപ്രകാരമായിരിക്കണം. ഭരണസമിതിയില്‍ ചുരുങ്ങിയത് 2 വിദഗ്ധര്‍ വേണം.

റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരം ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപീകരിക്കണം. ഇതിനായി കേരള സഹകരണ നിയമത്തില്‍ ഭേദഗതി വരുത്തണം.

ലയനശേഷം ജില്ലാ ബാങ്കുകളുടെ നിലവിലെ ബ്രാഞ്ചുകള്‍ കേരള ബാങ്ക് ബ്രാഞ്ചുകളായി മാറും. ഈ ബ്രാഞ്ചുകളുടെ ലൈസന്‍സിന് പ്രത്യേകം അപേക്ഷ നല്‍കണം. ജില്ലാ ബാങ്കുകള്‍ അവരുടെ ലൈസന്‍സ് തിരിച്ചുനല്‍കണം.

ലയന പദ്ധതിക്ക് ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ഗ്യാരന്റി കോര്‍പറേഷന്റെ അനുമതി നേടണം.

നിലവില്‍ ട്രഷറിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കണം.

ബാങ്ക് എന്ന പദം ഉപയോഗിച്ചുകൊണ്ട് കേരളത്തില്‍ പുതിയ സഹകരണസംഘങ്ങള്‍ റജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല.

ഈ വ്യവസ്ഥകള്‍ പാലിച്ചതിനുശേഷം അന്തിമ അനുമതിക്കായി നബാര്‍ഡ് വഴി അപേക്ഷിക്കണം.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment