ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്തി സിപിഐഎം; കോടതി വിധിയിലൂടെ ലഭിച്ച അവസരം താല്‍പര്യമുള്ളവര്‍ക്ക് ഉപയോഗിക്കാം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്തി സിപിഐഎം. സുപ്രീംകോടതി വിധിയിലൂടെ ലഭിച്ച അവസരം താല്‍പര്യമുള്ളവര്‍ക്ക് ഉപയോഗിക്കാം. താല്‍പര്യമില്ലാത്തവര്‍ അങ്ങോട്ട് പോകേണ്ടതില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്. സ്ത്രീകളെ ശബരിമലയില്‍ എത്തിക്കാന്‍ സിപിഐഎം മുന്‍കൈ എടുക്കില്ലെന്നും കോടിയേരി പറയുന്നു. കോടതി വിധി വന്നപ്പോള്‍ എതിര്‍ക്കാതിരുന്ന ചെന്നിത്തല ഇപ്പോള്‍ കളം മാറി ചവിട്ടുകയാണ്. ബിജെപിയുടെ ഗ്രൂപ്പ് അങ്കത്തില്‍ മേല്‍കൈ നേടാനാണ് ശ്രീധരന്‍ പിള്ളയുടെ ശ്രമം. സോണിയാ ഗാന്ധി സുപ്രീംകോടതി വിധിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

അതേസമയം, ശബരിമല സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് കോടതിവിധിക്ക് കാരണമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ചോദിച്ച് വാങ്ങിയ വിധിയാണിത്. പുനഃ പരിശോധനാ ഹര്‍ജി നല്‍കാന്‍ തയാറായ ദേവസ്വം ബോര്‍ഡിനെ മുഖ്യമന്ത്രി പിന്തിരിപ്പിച്ചു. ബിജെപിക്കും സിപിഐഎമ്മിനും ഇരട്ട നിലപാടെന്നും ചെന്നിത്തല പറഞ്ഞു.
ഏക സിവില്‍ കോഡിന് വേണ്ടി കോടതി വിധിയെ ഉപയോഗിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു. സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മ്മാണം വേണമെന്ന് കേന്ദ്രത്തോട് ബിജെപി ആവശ്യപ്പെടണം. ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സ്ത്രീകളുടെ ഇടയില്‍ തന്നെ എതിര്‍പ്പുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, ബിജെപി തന്ത്രികുടുംബത്തിനൊപ്പമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. പന്തളം രാജകുടുംബത്തിന്റെ അഭിപ്രായത്തെയും പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് അഭിപ്രായങ്ങള്‍ വെട്ടിവിഴുങ്ങി. പ്രസിഡന്റ് അപമാനിതനായിരിക്കുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവെച്ച് പുറത്ത് പോകണമെന്നും പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

pathram:
Leave a Comment