സ്ത്രീയാത്രക്കാര്‍ക്കെതിരേ ട്രെയിനില്‍ അക്രമം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് ശിക്ഷാ നടപടികള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശം. ട്രെയിനില്‍ സ്ത്രീകളെ ശല്യം ചെയ്താല്‍ 3 വര്‍ഷം വരെ തടവുശിക്ഷ നല്‍കണമെന്ന നിര്‍ദേശവുമായി റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്) ആണ് രംഗത്തെത്തിയത്. റെയില്‍വേ നിയമം ഈവിധം ഭേദഗതി ചെയ്താല്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേതിനെക്കാള്‍ കടുത്ത ശിക്ഷയാവും ഇത്. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കും മറ്റും ഒരുവര്‍ഷം വരെയാണ് ഐപിസിയില്‍ ശിക്ഷ.
സ്ത്രീകളുടെ കംപാര്‍ട്ട്‌മെന്റില്‍ സഞ്ചരിക്കുന്ന പുരുഷന്മാര്‍ക്കുള്ള പിഴ 500ല്‍നിന്ന് 1000 രൂപയാക്കാനാണു നിര്‍ദേശം. പൊലീസിന്റെ സഹായം ലഭിക്കുംവരെ പ്രതിയെ തടഞ്ഞുവയ്ക്കുന്ന സ്ത്രീകള്‍ക്കു നിയമസംരക്ഷണം നല്‍കാനും ആര്‍പിഎഫ് നിര്‍ദേശിക്കുന്നു.
സ്ത്രീ യാത്രക്കാര്‍ക്കു നേരെ അക്രമങ്ങള്‍ വര്‍ധിക്കുന്നതു കണക്കിലെടുത്താണു നിര്‍ദേശം. സമീപവര്‍ഷങ്ങളിലെ കണക്കനുസരിച്ചു ട്രെയിനിനുള്ളില്‍ സ്ത്രീകള്‍ക്കെതിരായ അക്രമ കേസുകളില്‍ 35 ശതമാനം വര്‍ധനയുണ്ടായി.