സാലറി ചലഞ്ച് പൂര്‍ണ പരാജയം; പുറത്തുവിട്ട കണക്ക് പച്ചക്കള്ളം; സെക്രട്ടേറിയറ്റില്‍ മാത്രം 1,500 ജീവനക്കാര്‍ വിസമ്മതിച്ചെന്ന് ചെന്നിത്ത

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സാലറി ചലഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാലറി ചലഞ്ചില്‍ പങ്കെടുത്ത ജീവനക്കാരുടേതായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തുവിട്ട കണക്ക് പച്ചക്കള്ളമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഭീഷണികൊണ്ടും അധികാരം കൊണ്ടും ജീവനക്കാരെ തങ്ങളുടെ വരുതിയിലാക്കാനുള്ള സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനു കനത്ത തിരിച്ചടിയാണ് ജീവനക്കാര്‍ നല്‍കിയത്. സെക്രട്ടറിയേറ്റില്‍ മാത്രം ഏകദേശം 1500 ജീവനക്കാര്‍ വിസമ്മത പത്രം നല്‍കി. സാമ്പത്തിക വകുപ്പില്‍ നിന്ന് 173 പേരും പൊതുഭരണ വകുപ്പില്‍ നിന്ന് 700ലധികം ജീവനക്കാരും നിയമ വകുപ്പില്‍ നിന്ന് 40 പേരും നിയമസഭാ സെക്രട്ടറിയേറ്റില്‍ നിന്ന് 433 ജീവനക്കാരും വിസമ്മത പത്രം നല്‍കിയെന്ന് ചെന്നിത്തല പറഞ്ഞു.

സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഇടതു സംഘടനയില്‍ പെട്ടവരുള്‍പ്പെടെയള്ളവര്‍ വിസമ്മത പത്രം നല്‍കി. എയിഡഡ് സ്‌കൂള്‍ അധ്യാപകര്‍ എഴുപത് ശതമാനവും സാലറി ചലഞ്ചിനോട് വിരുദ്ധ മനോഭാവം പ്രകടിപ്പിച്ചുവെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് തന്നെ സമ്മതിക്കുന്നു. സ്ഥലം മാറ്റ ഭീഷണിയും ശാരീരികമായി നേരിടുമെന്ന ഭീഷണിയും കൊണ്ട് മാത്രമാണ് കുറച്ചെങ്കിലും ജീവനക്കാര്‍ ഇതിന് അനുകൂലമായി നിന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വിസമ്മത പത്രം നല്‍കിയാല്‍ പരിശീലനം നേടി വരുന്ന പൊലീസുകാരുടെ പരിശീലനം നീട്ടുമെന്നും സര്‍വ്വീസിലുള്ള പൊലീസ് ഉദ്യേഗസ്ഥരെ പ്രമോഷന്‍ ടെസ്റ്റുകളില്‍ തോല്‍പ്പിക്കുമെന്നും പറഞ്ഞ ്ഭീഷണിപ്പെടുത്തി. ശനിയാഴ്ച അവസാനിക്കേണ്ടിയിരുന്ന സാലറി ചലഞ്ച് വീണ്ടും നീട്ടിയിരിക്കുകയാണ് എന്നാണ് ധനകാര്യമന്ത്രി പറയുന്നത്. അതിനര്‍ത്ഥം സര്‍ക്കാര്‍ ഉദ്ദേശിച്ച പോലെ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറായില്ല എന്നാണ്.

നാല്‍പ്പത് ശതമാനത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ ദുരന്തം നേരിട്ട് ബാധിച്ച പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ക്കെങ്കിലും ഇളവ് നല്‍കാമായിരുന്നു. അതിന് പോലും സര്‍ക്കാര്‍ തയ്യാറാകാത്തതാണ് സാലറി ചലഞ്ച് പരാജയപ്പെടാന്‍ കാരണണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7