കോഴിക്കോട്: കന്യാസ്ത്രീ സമരത്തെ പിന്തുണച്ച് പ്രകടനം നടത്തിയതിന് തനിക്കെതിരെ കേസെടുത്തത് സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് നടന്‍ ജോയ് മാത്യു. മിഠായിത്തെരുവില്‍ സമരം നടത്തിയിട്ടുള്ള ഭൂതകാലമാണ് തന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെ വിമര്‍ശിച്ചതിനാണ് പൊലീസ് എനിക്കെതിരെ കേസെടുത്തത്. മിഠായിതെരുവ് പ്രകടന നിരോധിത മേഖലയാണെന്ന് ആരും പറഞ്ഞിട്ടില്ല- ജോയ് മാത്യു പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയറിയിച്ച് ജോയ് മാത്യൂവിന്റെ നേതൃത്വത്തില്‍ മിഠായിത്തെരുവില്‍ പ്രകടനം നടത്തിയത്. സെപ്റ്റംബര്‍ 12 ന് നടത്തിയ പ്രകടനത്തിന്റെ പേരിലാണ് കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തത്. ജോയ് മാത്യുവിനും കണ്ടാലറിയുന്ന നൂറ് പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.
അന്യായമായി സംഘം ചേരല്‍, കലാപമുണ്ടാക്കല്‍, എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സമാനമായി നേരത്തേയും ഇത്തരത്തില്‍ മിഠായിത്തെരുവില്‍ പ്രതിഷേധങ്ങള്‍ നടത്തിയവര്‍ക്കെതിരെ പൊലീസ് നിയമനടപടികള്‍ സ്വീകരിച്ചിരുന്നു.
ഈയടുത്താണ് മിഠായിത്തരുവ് നവീകരിച്ചത്. അതേത്തുടര്‍ന്നാണ് ഇതിനുള്ളില്‍ പ്രകടനങ്ങള്‍ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിന് മുന്‍പും മിഠായിത്തെരുവില്‍ സാസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ പല പ്രതിഷേധങ്ങളുടെയും പേരില്‍ പൊലീസ് കേസെടുത്തിരുന്നു.
തെരുവില്‍ സാസ്‌കാരിക കൂട്ടായ്മകളും പ്രതിഷേധങ്ങളും നിരോധിച്ചതിനെതിരെ ഈ തെരുവ് ഞങ്ങളുടേത് കൂടിയാണെന്ന മുദ്രാവാക്യമുയര്‍ത്തി മിഠായിത്തെരുവില്‍ പ്രതിഷേധം നടന്നിരുന്നു.