എന്റെ മകള്‍ കണ്ട് തലകുനിക്കേണ്ടി വരുന്ന തരം സിനിമകള്‍ ഞാന്‍ ചെയ്യില്ല! അവളുടെ ഇഷ്ടങ്ങള്‍ക്ക് തന്നെയാവും എന്നും പ്രാധാന്യം: അഭിഷേക് ബച്ചന്‍

”എന്റെ മുന്നിലെത്തുന്ന റോളുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ആ ചിത്രങ്ങള്‍ മകള്‍ ആരാധ്യയെ അസ്വസ്ഥമാക്കുന്നതോ വിഷമിപ്പിക്കുന്നതോ ലജ്ജാകരമാക്കുന്നതോ ആവരുതെന്ന് ആഗ്രഹിക്കാറുണ്ട്. ആരാധ്യ കണ്ട് തലകുനിക്കേണ്ടി വരുന്ന തരം സിനിമകള്‍ ഞാന്‍ ചെയ്യില്ല,” അഭിഷേക് ബച്ചന്‍ പറയുന്നു. ജേര്‍ണലിസ്റ്റ് മയാങ്ക് ശേഖറുമായുള്ള സംഭാഷണത്തിനിടെയായിരുന്നു അഭിഷേകിന്റെ വെളിപ്പെടുത്തല്‍.

”ഞാനും ഐശ്വര്യയും ഒരിക്കലും ഞങ്ങള്‍ക്കിഷ്ടമുള്ള ഒരു പ്രൊഫഷന്‍ തിരഞ്ഞെടുക്കാന്‍ ആരാധ്യയെ നിര്‍ബന്ധിക്കില്ല. എന്നാല്‍, അവളുടെ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഇപ്പോള്‍ മാത്രമല്ല, ഇനി 20 വര്‍ഷം കഴിഞ്ഞാലും ആരാധ്യയുടെ കാര്യത്തില്‍ ഇതേ നിലപാടു തന്നെയാവും എനിക്കും ഐശ്വര്യയ്ക്കും. അവളുടെ ഇഷ്ടങ്ങള്‍ക്ക് തന്നെയാവും പ്രാധാന്യം. ഞങ്ങളുടെ മാതാപിതാക്കളും അങ്ങനെയാണ് ഞങ്ങളെ വളര്‍ത്തിയത്,” താരം കൂട്ടിച്ചേര്‍ത്തു.

”എല്ലാ മാതാപിതാക്കളും മക്കള്‍ക്ക് ഏറ്റവും നല്ലത് തന്നെ വേണമെന്ന് ആഗ്രഹിക്കും. പക്ഷേ കുഞ്ഞുങ്ങള്‍ക്കും അവരുടേതായ ഇഷ്ടങ്ങളും താല്‍പ്പര്യങ്ങളും ഉണ്ടാകും. ഞങ്ങള്‍ നിന്നില്‍ നിന്നും ഇതാണ് പ്രതീക്ഷിച്ചത് എന്നു പറഞ്ഞ് നിരുത്സാഹപ്പെടുത്തുന്നത് ശരിയല്ല, അവള്‍ എന്താണോ അതില്‍ അഭിമാനിക്കുകയാണ് വേണ്ടത്,” അഭിഷേക് ബച്ചന്‍ പറയുന്നു.

”തീര്‍ത്തും സാധാരണമായൊരു ബാല്യമായിരുന്നു എന്റേത്. ഡാഡ് ഒരിക്കലും ജോലി വീട്ടിലേക്ക് കൊണ്ടുവന്നിട്ടില്ല. ‘ഇന്‍സാനിയറ്റി’ന്റെ ഷൂട്ടിങ്ങിനിടെ പൊലീസ് ഇന്‍സ്‌പെക്ടറുടെ കോസ്റ്റ്യൂമില്‍ വീട്ടിലെത്തി ഡാഡ് ലഞ്ച് കഴിച്ചുപോയി. പിന്നീടൊരിക്കലും സിനിമാതാരത്തിന്റെ കോസ്റ്റ്യൂമില്‍ അദ്ദേഹം വീട്ടിലേക്ക് വന്നിട്ടില്ല. സിനിമാതാരങ്ങളുടെ മക്കള്‍ എന്ന രീതിയിലല്ല ഞാനും സഹോദരിയും വളര്‍ന്നത്.

ഒരു ഫിലിം മാഗസിനുകളും അക്കാലത്ത് വീട്ടില്‍ വരുത്തിയിരുന്നില്ല. ഡാഡിന് പ്രസ് വിലക്കു വരെ ഉണ്ടായിരുന്ന സമയമായിരുന്നു അത്. ഫിലിം ഇന്‍ഡസ്ട്രിയെ കുറിച്ച് കുറേക്കാലം ഞങ്ങള്‍ക്ക് യാതൊരു ഐഡിയയും ഇല്ലായിരുന്നു. ഋത്വിക് റോഷന്‍, ആദിത്യ, ഉദയ് ചോപ്ര തുടങ്ങി ഫിലിം ഇന്‍ഡസ്ട്രിയിലെ സ്റ്റാര്‍ ചൈല്‍ഡുകളും അതെ, വളരെ സാധാരണ സാഹചര്യത്തിലാണ് അവരും വളര്‍ന്നത്. എന്റെ കുട്ടിക്കാലത്ത് ഞാന്‍ വിചാരിച്ചിരുന്നത് എല്ലാ വീടിനു മുന്നിലും എപ്പോഴും 500 പേര്‍ കാത്തിരിക്കുന്നുണ്ടാകും എന്നാണ്. അതത്രയും സാധാരണമായൊരു കാഴ്ചയായിരുന്നു എനിക്ക്,” അഭിഷേക് അഭിമുഖത്തില്‍ പറയുന്നു.

pathram desk 1:
Related Post
Leave a Comment