വീണ്ടും താരമായി ധോണി..!!! രോഹിത് ധോണിയുടെ ഉപദേശം കേട്ടു; അടുത്ത പന്തില്‍ സംഭവിച്ചത്…!!

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ബംഗ്ലദേശിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ മിന്നിത്തിളങ്ങി. ഇതിനിടെ ചര്‍ച്ചയാകുന്നത് എം.എസ്. ധോണിയാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ എം.എസ്. ധോണി എന്തുകൊണ്ട് ഇന്നും ടീമിന് അനിവാര്യനാകുന്നു എന്നു വെളിപ്പെടുത്തുന്ന സംഭവങ്ങളാണ് ഗ്രൗണ്ടില്‍ ഉണ്ടായത്. മല്‍സരത്തിനിടെ മൈതാനത്തു കണ്ടു. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 10–ാം ഓവര്‍ ബോള്‍ ചെയ്യുമ്പോഴായിരുന്നു സംഭവം. ഈ സമയത്ത് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സ് എന്ന നിലയിലായിരുന്നു ബംഗ്ലദേശ്. മുഷ്ഫിഖുര്‍ റഹിമിനെതിരെ ജഡേജ എറിഞ്ഞ രണ്ടാം പന്ത് നോബോളായതോടെ അംപയര്‍ ഫ്രീഹിറ്റ് അനുവദിച്ചു.

ഫ്രീഹിറ്റ് നേരിട്ടത് മുന്‍ ബംഗ്ലദേശ് ക്യാപ്റ്റന്‍ കൂടിയായ ഷാക്കിബ് അല്‍ ഹസ്സന്‍. ജഡേജ എറിഞ്ഞ പന്തില്‍ ഷാക്കിബിന് ഒന്നും ചെയ്യാനായില്ലെങ്കിലും അംപയര്‍ അത് ഡെഡ് ബോളായി വിധിച്ചു. ഫീല്‍ഡിങ് ക്രമീകരണത്തിലെ അവ്യക്തത നിമിത്തമായിരുന്നു ഇത്. ഇതോടെ രോഹിത് ശര്‍മ അംപയറിനടുത്തെത്തി. പിന്നാലെ മറ്റു താരങ്ങളും ചുറ്റും കൂടി. ഡെഡ് ബോളല്ലെന്ന് രോഹിത് വാദിച്ചെങ്കിലും അംപയര്‍ ഉറച്ചുനിന്നു. ഇതോടെ ജഡേജ രണ്ടാം ബോള്‍ വീണ്ടും എറിഞ്ഞു. പന്ത് കവറിലൂടെ ബൗണ്ടറി കടത്തിയ ഷാക്കിബ് ബംഗ്ലദേശിന്റെ സമ്മര്‍ദ്ദം അയച്ചു. മൂന്നാം പന്ത് സ്‌ക്വയര്‍ ലെഗ്ഗിലൂടെ പന്ത് ബൗണ്ടറി കടത്തി ഷാക്കിബ് കൂടുതല്‍ അപകടകാരിയായി.

ഇതിനു പിന്നാലെയായിരുന്നു ധോണിയുടെ ഇടപെടല്‍. വിരാട് കോഹ്‌ലിയുടെ അസാന്നിധ്യത്തില്‍ ഏഷ്യാ കപ്പില്‍ ഇന്ത്യയെ നയിക്കുന്ന രോഹിത് ശര്‍മയ്ക്കടുത്തെത്തിയ ധോണി എന്തോ പറഞ്ഞു. ഫീല്‍ഡിങ് ക്രമീകരണവുമായി ബന്ധപ്പെട്ട എന്തോ നിര്‍ദ്ദേശമാണെന്ന് പിന്നാലെ വ്യക്തമായി. ധോണി മടങ്ങിയതിനു പിന്നാലെ രോഹിത് ധവാനെ സ്‌ക്വയര്‍ ലെഗില്‍ സര്‍ക്കിളിനുള്ളിലേക്ക് നീക്കിനിര്‍ത്തി.

അടുത്ത പന്തും ബൗണ്ടറി ലക്ഷ്യമാക്കി തിരിച്ചുവിടാനുള്ള ഷാക്കിബിന്റെ ശ്രമം പാളി. പന്ത് സ്‌ക്വയര്‍ ലെഗ്ഗില്‍ ധവാന്റെ കൈകളില്‍. തൊട്ടുമുന്‍പ് ധോണിയുടെ നിര്‍ദ്ദേശാനുസരണം രോഹിത് സ്‌ക്വയര്‍ ലെഗ്ഗിലേക്കു നീക്കിനിര്‍ത്തിയ ധവാന്റെ ക്യാച്ചിലൂടെ ഷാക്കിബ് പുറത്ത്. 12 പന്തില്‍ മൂന്നു ബൗണ്ടറികളോടെ 17 റണ്‍സായിരുന്നു ഷാക്കിബിന്റെ സമ്പാദ്യം. ബംഗ്ലദേശ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സെന്ന നിലയിലേക്ക് പതിക്കുകയും ചെയ്തു.

pathram:
Related Post
Leave a Comment