കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍. അതേസമയം അറസ്റ്റ് പ്രഹസനമാവരുതെന്നും നിയമനടപടി കര്‍ശനമാക്കണമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. ബിഷപ്പിന്റെ അറസ്റ്റ് വിവരം അറിഞ്ഞ് കന്യാസ്ത്രീകള്‍ സമരപന്തലില്‍ ആഹ്ലാദപ്രകടനം നടത്തി. ബിഷപ്പിന്റെ അറസ്റ്റ് വിവരം ഔദ്യോഗികമായി പൊലീസ് അറിയിക്കണമെന്നും കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് ആദ്യമായാണ് പീഡനക്കേസില്‍ ഒരു ബിഷപ്പ് അറസ്റ്റിലാകുന്നത്. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. ബിഷപ്പിനെ വൈക്കം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. അഭിഭാഷകരേയും കന്യാസ്ത്രീയുടെ ബന്ധുക്കളെയും പൊലീസ് ഇക്കാര്യം അറിയിച്ചു.
ബിഷപ്പിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ഐ.ജിയുടെ യോഗത്തില്‍ വിലയിരുത്തിയിരുന്നു. ഇതേതുടര്‍ന്ന് അറസ്റ്റ് അനിവാര്യമാണെന്ന് അന്വേഷണ സംഘം ഉന്നതതല യോഗത്തില്‍ അറിയിച്ചിരുന്നു. അതേസമയം പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ സേനയെ പ്രദേശത്ത് വിന്യസിക്കുമെന്നാണ് സൂചന.