താരങ്ങളെ അന്ധമായി ആരാധിക്കുന്നവര്‍ വിവരദോഷികളാണെന്ന് നടന്‍ ജോയ് മാത്യു. പിറന്നാള്‍ ദിനത്തില്‍ ക്ലബ് എഫ്എം യുഎഇക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജോയ് മാത്യുവിന്റെ വിമര്‍ശനം. സിനിമയില്‍ സ്ത്രീ വിരുദ്ധത ആഘോഷിച്ചാല്‍ താരങ്ങളുടെ ആരാധകര്‍ വഴിതെറ്റിപോകുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.
‘ആരാധകര്‍ അടിമകളാണ്. എന്തിനാണ് ഒരാളെ ആരാധിക്കുന്നത്. ആരാധിക്കാന്‍ നടക്കുന്നവര്‍ സ്വന്തമായി കഴിവില്ല എന്ന് വിശ്വസിക്കുന്നവരാണ്. ഞാന്‍ ആരേയും ആരാധിക്കാറില്ലല്ലോ. ഇനി അഥവാ ഗ്ലോറിഫൈ ചെയ്തത് അവരെ സ്വാധീനിക്കുന്നുവെങ്കില്‍ അത്ഭുതമില്ല. ആരാധകര്‍ വിവരദോഷികളാണ്’ -ജോയ് മാത്യു പറഞ്ഞു.
‘സ്ത്രീവിരുദ്ധ രംഗങ്ങള്‍ സിനിമയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്ന് പറയുന്നത് അബദ്ധമാണ്. അത്തരത്തിലൊരു കഥാപാത്രത്തെ അവതരിപ്പിക്കേണ്ടി വന്നാല്‍ എന്തു ചെയ്യുമെന്നും അദ്ദേഹം ചോദിക്കുന്നു. ദുശ്ശാസനന്‍ ആയി അഭിനയിക്കേണ്ടി വന്നാലോ. ഒരു നടന്‍ അല്ല അതു തീരുമാനിക്കേണ്ടത്. തിരക്കഥാകൃത്താണ് തീരുമാനിക്കേണ്ടത്. ഒരു തിരക്കഥയില്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന ഒരു മാനസികരോഗിയുടെ കഥാപാത്രമുണ്ട്. ഒരു നടന് അതു ചെയ്യാതിരിക്കാന്‍ സാധിക്കുമോ’?- അദ്ദേഹം അഭിപ്രായപ്പെട്ടു.
‘കഥാപാത്രം, അത് സെക്കന്‍ഡറിയാണ്. സിനിമയില്‍ ആരാണ് ഹീറോ. നടന്‍മാര്‍ ഞാനാണ് ഹീറോ എന്ന് ധരിക്കുന്നത് കൊണ്ടല്ലേ. സിനിമയില്‍ ഹീറോ സംവിധായകനാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.