ഓണം ബംബറിന്റെ പത്തുകോടി രൂപ തൃശൂര്‍ സ്വദേശിനിയായ വിധവയായ വീട്ടമ്മയ്ക്ക്. തൃശൂര്‍ ചിറ്റിലപ്പള്ളി സ്വദേശിയായ വത്സല(58)യെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ഭര്‍ത്താവ് മരിച്ച വല്‍സല ഇപ്പോള്‍ മൂന്ന് മക്കളോടൊപ്പം അടാട്ട് വാടക വീട്ടിലാണ് കഴിയുന്നത്. കാലപ്പഴക്കമൂലം വീട് തകര്‍ന്നതിനെ തുടര്‍ന്ന് പുതിയ വീട് വയ്ക്കുന്നതിന് വേണ്ടിയാണ് ഇവര്‍ വാടക വീട്ടിലേക്ക് മാറിയത്. വല്‍സലയ്ക്ക് ഏജന്‍സി കമ്മിഷനും നികുതിയും കിഴിച്ച് 6.34 കോടി രൂപ ലഭിക്കും.
തൃശൂര്‍ പടിഞ്ഞാറെ കോട്ടയിലെ എസ്.എസ്. മണിയന്‍ ഏജന്‍സിയില്‍ നിന്ന് വിറ്റ ടി.ബി. 128092 എന്ന ടിക്കറ്റിനാണ് ബംബര്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. ടിക്കറ്റ് വിറ്റ ഏജന്റ് രവിക്ക് ഒരു കോടി രൂപയും കിട്ടും. പത്തു ടിക്കറ്റുകളാണ് ഈ ഏജന്റ് വാങ്ങിയത്. ലോട്ടറി വിറ്റ ഏജന്‍സിയ്ക്കും കിട്ടും അരക്കോടി.
10 സീരിസുകളിലായി ആകെ 90 ലക്ഷം ഓണം ബംപര്‍ ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ടിക്കറ്റ് വില 250 രൂപയായിരുന്നു.ഒന്നാം സമ്മാനമായ 10 കോടി രൂപ ഒരാള്‍ക്കും രണ്ടാം സമ്മാനമായ അരക്കോടി രൂപ 10 പേര്‍ക്കും മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ 20 പേര്‍ക്കും ലഭിക്കും. സമാശ്വാസ സമ്മാനമായ അഞ്ചുലക്ഷം രൂപ ഒന്‍പതു പേര്‍ക്കു നല്‍കും. 20 പേര്‍ക്കു ലഭിക്കുന്ന നാലാം സമ്മാനത്തുകയും അഞ്ചു ലക്ഷമാണ്. ഒരു ലക്ഷം, 5000, 3000, 2000, 1000, 500 രൂപ എന്നിങ്ങനെയാണു മറ്റു സമ്മാനങ്ങള്‍. സമ്മാനത്തുകയായി ആകെ 70 കോടി രൂപ വിതരണം ചെയ്യേണ്ടിവരുമെന്നാണു ലോട്ടറി വകുപ്പിന്റെ കണക്കുകൂട്ടല്‍.