ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈവശം ആകെയുള്ളത് 48,944 രൂപ മാത്രമെന്ന് കണക്ക്. കഴിഞ്ഞവര്‍ഷം ഇതേസമയം അദ്ദേഹത്തിന്റെ കൈവശം ഒന്നരലക്ഷം രൂപയുണ്ടായിരുന്നു. മാര്‍ച്ച് 31നുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള എസ്.ബി.ഐ. ശാഖയില്‍ അദ്ദേഹത്തിനുള്ള നിക്ഷേപം കഴിഞ്ഞ സാമ്പത്തികവര്‍ഷം 1,33,496 രൂപയായിരുന്നത് ഇക്കൊല്ലം 11.2 ലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 90 ലക്ഷം രൂപയുണ്ടായിരുന്ന സ്ഥിരനിക്ഷേപം 1.7 കോടി രൂപയായി. കടപ്പത്രത്തില്‍ നിക്ഷേപമായി 20,000 രൂപയും ദേശീയ സമ്പാദ്യപദ്ധതിയില്‍ 5,18,235 രൂപയും എല്‍.ഐ.സി.യില്‍ 1,59,281 രൂപയുമുണ്ട്. പ്രധാനമന്ത്രിക്ക് സ്വന്തമായി വാഹനമില്ല. മാര്‍ച്ച് 31 വരെയുള്ള വിവരമനുസരിച്ച് 1,38,060 രൂപ മൂല്യംവരുന്ന നാല് സ്വര്‍ണമോതിരങ്ങള്‍ അദ്ദേഹത്തിനുണ്ട്. ഈ മോതിരങ്ങളുടെ മൂല്യം കഴിഞ്ഞ സാമ്പത്തികവര്‍ഷം 1,28,000 രൂപയായിരുന്നു. അഹമ്മദാബാദില്‍ അദ്ദേഹത്തിന് സ്വന്തമായി ഭൂമിയുണ്ട്. 2002 ഒക്ടോബറില്‍ വാങ്ങിയതാണിത്. ഇതിന്റെ ഇപ്പോഴത്തെ വിപണിമൂല്യം ഒരുകോടി വരുമെന്നാണ് വിലയിരുത്തുന്നത്.
സര്‍ക്കാര്‍ പുറത്തുവിട്ട പുതിയ കണക്കുകളനുസരിച്ച് 2017-18 സാമ്പത്തികവര്‍ഷം പ്രധാനമന്ത്രിയുടെ മൊത്തം ആസ്തി 2.28 കോടിയുടേതാണ്. അദ്ദേഹത്തിന്റേതായുള്ള സ്ഥാവരവസ്തുക്കളുടെ വിപണിമൂല്യംകൂടി കണക്കിലെടുത്തുള്ളതാണ് ഈ തുക. 2016-17 സാമ്പത്തികവര്‍ഷം രണ്ടുകോടിയായിരുന്നു ആസ്തി.