രാഷ്ട്രീയമെന്ന ആശയം പോലും എന്നെ ഭയപ്പെടുത്തുന്നു,എനിക്ക് ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യാനാണ് ഇഷ്ടമെന്ന് ആമീര്‍ഖാന്‍

സാമൂഹിക പ്രശ്‌നങ്ങളിലെല്ലാം ശക്തമായ അഭിപ്രായം രേഖപ്പെടുത്തുകയും ജലസംരക്ഷണം പോലുള്ള വിഷയങ്ങളില്‍ ഗൗരവത്തോടെ ഇടപെടുകയും ചെയ്യുന്ന താരമാണ് ആമിര്‍ ഖാന്‍. എന്നാല്‍, തനിക്ക് രാഷ്ട്രീയത്തില്‍ ചേരാന്‍ പദ്ധതിയില്ലെന്നും രാഷ്ട്രീയത്തെ തനിക്ക് ഭയമാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഇന്നലെ ഡല്‍ഹിയിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു താരത്തിന്റെ ഈ തുറന്നുപറച്ചില്‍.

”എനിക്ക് ഒരു രാഷ്ട്രീയക്കാരന്‍ ആവേണ്ട. ഞാനതാഗ്രഹിക്കുന്നില്ല. ഞാനൊരു കമ്മ്യൂണിക്കേറ്ററാണ്. രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലെന്നു മാത്രമല്ല രാഷ്ട്രീയമെന്ന ആശയം പോലും എന്നെ ഭയപ്പെടുത്തുന്നു. രാഷ്ട്രീയത്തില്‍ നിന്നും അകന്നു നില്‍ക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഞാനൊരു ക്രിയേറ്റീവ് വ്യക്തിയാണ്, എനിക്ക് ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യാനാണ് ഇഷ്ടം. ഒരു രാഷ്ട്രീയക്കാരനായി ചെലുത്താവുന്നതിലും അധികം സ്വാധീനം എനിക്ക് സിനിമകളിലൂടെ സാധ്യമാണ്”, 53 കാരനായ ആമിര്‍ ഖാന്‍ പറയുന്നു.

പാനി ഫൗണ്ടേഷന്‍ എന്ന തന്റെ സംഘടനയിലൂടെ കഴിഞ്ഞ മൂന്നു വര്‍ഷമായി മഹാരാഷ്ട്ര നേരിടുന്ന ജലദൗര്‍ലഭ്യത്തിനെതിരെ പ്രവര്‍ത്തിക്കുകയാണ് താരം. ജല സംരക്ഷണത്തിനെ കുറിച്ചും വാട്ടര്‍ ഷെഡ് മാനേജ്‌മെന്റിനെ കുറിച്ചുമൊക്കെ ഗ്രാസ്സ്‌റൂട്ട് ലെവലില്‍ ബോധവത്കരണങ്ങള്‍ സംഘടിപ്പിക്കുന്നുമുണ്ട് ആമിര്‍ ഖാന്റെ നേതൃത്വത്തില്‍ ഉള്ള പാനി ഫൗണ്ടേഷന്‍. സ്വന്തം അനുഭവത്തില്‍ വരുമ്പോഴല്ലാതെ ജലത്തിന്റെ അമൂല്യതയെ കുറിച്ച് ആളുകള്‍ ബോധവാന്മാരാവില്ല എന്നും താരം അഭിപ്രായപ്പെട്ടു.

”ഇന്നു നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ നമ്മുടെ ജീവിതരീതിയ്ക്കും നല്ലൊരു പങ്കുണ്ട്. അതുകൊണ്ടുതന്നെ, പാരിസ്ഥിതിക പ്രശ്‌നങ്ങളെ അതിജീവിക്കണമെങ്കില്‍ ജീവിതരീതികളിലും മാറ്റം ഉണ്ടാവേണ്ടതുണ്ട്. ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ എളുപ്പമാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്ല രീതിയില്‍ തന്നെ പരിശ്രമിക്കുന്നുണ്ട്. പൗരനെന്ന രീതിയില്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ നമുക്ക് അവകാശമുണ്ട്, ഉത്തരം പറയാന്‍ സര്‍ക്കാരും ബാധ്യസ്ഥരാണ്. പക്ഷേ മാറ്റം ഉണ്ടാവണമെങ്കില്‍ ആ പരിഹാരത്തിന്റെ ഭാഗമാകാന്‍ ജനങ്ങള്‍ കൂടി തയ്യാറാവേണ്ടതുണ്ട്. ജനങ്ങളുടെ കൂടെ സഹകരണമില്ലാതെ ഒന്നും പരിഹരിക്കാനാവില്ല,” താരം കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7