സുപ്രീം കോടതി വിധിക്ക് പിന്നാലെ ഐഎസ്ആര്‍ഒ ചാരക്കേസ് വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന മറിയം റഷീദ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നു. വര്‍ഷങ്ങളോളം പിന്തുടര്‍ന്ന ചാരക്കേസില്‍ നിന്നും വിമുക്തയാതിന്റെ ആശ്വാസത്തിനൊപ്പം ഈ സമയങ്ങളില്‍ നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ചും അവര്‍ പറയുന്നു. കേരള പോലീസിനും ഐബിക്കുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ മറിയം റഷീദ ഉന്നയിച്ചു. ഇവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലുമാണ് മറിയം റഷീദ. പോലീസിനും ഐബിക്കും വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നെന്നും റഷീദ പറഞ്ഞു. നമ്പി നാരായണന്റെ പേര് പറയണം എന്നായിരുന്നു അവരുടെ ആവശ്യം. കൃത്യമായ തീരുമാനങ്ങളോടെയാണ് പോലീസും ഐബിയും നീങ്ങിയതെന്ന് ഉറപ്പായിരുന്നു. നമ്പി നാരായണന്റെ പേര് പറയിക്കാനായി കസ്റ്റഡിയില്‍ ക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങിയതെന്നും മറിയം റഷീദ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പേര്‍ട്ട് ചെയ്യുന്നു.
1994ലാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് മറിയം റിഷീദ അറസ്റ്റിലാകുന്നത്. ചാര വനിത എന്ന് കുറ്റപ്പെടുത്തിയാണ് മാലിദ്വീപ് സ്വദേശിയായ റഷീദയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. പിന്നീട് മൂന്നര വര്‍ഷത്തിന് ശേഷമാണ് പുറംലോകം കാണുന്നത്. മാലിയില്‍ പ്ലേഗ് പടര്‍ന്നപ്പോള്‍ ചികിത്സയ്ക്കായാണ് ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ ഇന്ത്യയില്‍ നേരിടേണ്ടി വന്നത് അതി ക്രൂര അനുഭവങ്ങളായിരുന്നുവെന്ന് റഷീദ പറയുന്നു.
തന്നെയും ഫൗസിയ ഹസനെയും ഏറ്റവും കൂടുതല്‍ പീഡിപ്പിച്ചത് ചാരക്കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവന്‍ സിബി മാത്യൂസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്‌റായിരുന്ന എസ്.വിജയന്‍ എന്നിവരായിരുന്നു. ബാധ കാരണം നാട്ടിലേക്ക് മടങ്ങാനാകില്ലെന്ന് അറിയിച്ചപ്പോള്‍ ഇന്‍സ്‌പെക്ടര്‍ വിജയന്‍ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചു. 18 ദിവസം കഴിഞ്ഞപ്പോള്‍ കേരളത്തില്‍ അനധികൃതമായി താമസിച്ചുവെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തു. ഈ സമയം കേസിന്റെ ഗൗരവം തനിക്കറിയില്ലായിരുന്നെന്നും അവര്‍ പറയുന്നു.
ഐബിയിലെ അടക്കം പല ഉദ്യോഗസ്ഥരും മര്‍ദ്ദിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ ഏറ്റവും അധികം മര്‍ദ്ദിച്ചത് വിജയനായിരുന്നു. മര്‍ദ്ദിച്ച എല്ലാരുടെയും പേരുകള്‍ അറിയില്ല. വിജയന്റെ ഉദ്ദേശം പലപ്പോഴും സ്ഥാനക്കയറ്റമായിരുന്നെന്ന് തോന്നിയിട്ടുണ്ട്. ഇന്ത്യയില്‍ അനുഭവിക്കേണ്ടിവന്ന പീഡനം ഇപ്പോഴും ഭയപ്പെടുത്തുന്നു. തനിക്ക് കേസ് കൊടുക്കാനാകുമെന്ന് അറിയില്ലായിരുന്നു. എന്നാല്‍ സുപ്രീം കോടതി വിധിയോടെ കേസ് നല്‍കാനാകുമെന്ന് മനസ്സിലായി. സിബി മാത്യൂസ്, എസ്.വിജയന്‍ എന്നിവര്‍ക്കും കേരള പൊലീസിനും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കസ്റ്റഡി പീഡനത്തിന് കേസ് നല്‍കുമെന്നും മറിയം റഷീദ പറഞ്ഞു.
പോലീസ് മെനഞ്ഞ ചാരക്കഥയില്‍ പ്രതികളായ മറിയം റഷീദയെയും ഫൗസിയ ഹസനെയും ഭീഷണിപ്പെടുത്തിയായിരുന്നു കേസില്‍ ഉള്‍പ്പെടുത്തിയത്. നമ്പി നാരായണനെ അറിയില്ലായിരുന്നുവെന്നും ഭീഷണിപ്പെടുത്തിയാണ് പേരു പറയിച്ചതെന്നും ഫൗസിയ പിന്നീട് പറഞ്ഞിരുന്നു. നമ്പി നാരായണന്റെ ആത്മകഥയില്‍ പറഞ്ഞതിനെയെല്ലാം ശരിവയ്ക്കുന്നതായിരുന്നു അവരുടെ വാക്കുകള്‍.
ഐ.ബി ഉദ്യോഗസ്ഥരും കേരള പോലീസും ചേര്‍ന്നു ഭീഷണിപ്പെടുത്തി നമ്പി നാരായണന്റെ പേരു പറയിക്കുകയായിരുന്നെന്നു ഫൗസിയ ഹസന്‍ കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു. നാരായണനെ ആദ്യമായി കണ്ടതു സി.ബി.ഐ കസ്റ്റഡിയിലായിരുന്നു. രമണ്‍ ശ്രീവാസ്തവയെ ഒരിക്കല്‍പോലും നേരിട്ടു കണ്ടിട്ടില്ല. 14 വയസുകാരിയായ മകളെ മുന്നില്‍ കൊണ്ടുവന്നു മാനഭംഗപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതോടെയാണു ഉദ്യോഗസ്ഥര്‍ പറഞ്ഞ പലതും സമ്മതിക്കേണ്ടി വന്നത്. ജയില്‍ മോചിതയായ ശേഷം, പോലീസിനും ഐ.ബിക്കുമെതിരേ കേസ് ഫയല്‍ ചെയ്തിരുന്നു. പിന്നീട് ഇന്ത്യയില്‍ ബിസിനസ് ആവശ്യത്തിനെത്തിയ മകന്‍ നാസിഫ് താമസിച്ച ഹോട്ടലില്‍ ഐ.ബി ഉദ്യോസ്ഥരെത്തി കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി. ഇതേത്തുടര്‍ന്നാണ് കേസ് മുന്നോട്ടു കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്നു മാലദ്വീപിലെ ഇന്ത്യന്‍ എംബസിയില്‍ എഴുതി നല്‍കിയത്. ഇന്ത്യ സന്ദര്‍ശിക്കേണ്ടി വരുന്ന ബന്ധുക്കളുടെ സുരക്ഷകൂടി പരിഗണിച്ചായിരുന്നു കേസ് പിന്‍വലിച്ചതെന്നും ഫൗസിയ പറഞ്ഞിരുന്നു.
1994 നവംബര്‍ 30 നാണു നമ്പി നാരായണനെ ചാരക്കേസില്‍ അറസ്റ്റു ചെയ്യുന്നത്. ഡിസംബര്‍ ഒന്‍പതിന് തിരുവനന്തപുരം സി.ജെ.എം കോടതി പരിസരത്ത് പോലീസ് വാനിലാണ് മറിയം റഷീദയെയും ഫൗസിയ ഹസനെയും താന്‍ ആദ്യമായി കാണുന്നതെന്നു നാരായണന്‍ തന്റെ ആത്മകഥയായ ‘ഓര്‍മ്മകളുടെ ഭ്രമണപഥ’ത്തില്‍ പറയുന്നു. പിന്നീടു ചെന്നെയിലെ മല്ലിഗൈയില്‍ സിബിഐ കസ്റ്റഡിയില്‍ ഇരിക്കെയാണ് രണ്ടുസ്ത്രീകളെയും താന്‍ അടുത്തു കാണുന്നത്. സി.ബി.ഐ. ഉദ്യോഗസ്ഥനായ എം.എല്‍ ശര്‍മ്മ, തന്റെ മുന്നിലിരുന്ന് അവരോട് തന്നെ അറിയാമോയെന്നു ചോദിച്ചു.
ജീവിതത്തില്‍ ഒരിക്കലും ഇദ്ദേഹത്തെ നേരിട്ടു കണ്ടിട്ടില്ലെന്നും ഫോട്ടോ കാണിച്ച് കൂട്ടുപ്രതിയാണെന്നു പറയാന്‍ ഐ.ബി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നും അവര്‍ പറഞ്ഞു. 1994 ഡിസംബര്‍ അവസാനം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുമ്പോഴാണു മറിയം റഷീദയുമായി ആദ്യമായി സംസാരിക്കുന്നതെന്നു നമ്പി നാരായണന്‍ പറയുന്നു. സുപ്രിംകോടതിയുടെ ചരിത്രത്തിലെ തന്നെ സുപ്രധാനമായ ഒരു വിധിയിലൂടെയാണ് ഇപ്പോള്‍ നമ്പി നാരായണന് നീതി ലഭിച്ചിരിക്കുന്നത്.
25 വര്‍ഷത്തോളം പീഡനം നേരിടേണ്ടിവന്ന നമ്പിനാരായണന് 50 ലക്ഷം മതിയായ നഷ്ടപരിഹാരമല്ലെന്ന് മറിയം റഷീദ പറഞ്ഞു. ജോലി നഷ്ടപ്പെട്ടെന്ന് മാത്രമല്ല ഇത്രയും കാലം നാണംകെട്ട് ജീവിക്കേണ്ടി വന്നെന്നും അവര്‍ ചൂണ്ടികാട്ടി.