കൊച്ചി: ലൈംഗിക പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍ എത്തി. എറണാകുളം അങ്കമാലി അതിരൂപതയിലെയും മര്‍ത്തോമാ സഭയിലെയും പത്തിലധികം വൈദികരാണ് കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി കൊച്ചിയിലെ സമരപ്പന്തലില്‍ എത്തിയത്.
നേരത്തെ കന്യാസ്ത്രീകളുടെ സമരത്തിനെതിരെ കെ സി ബി സി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് വൈദികര്‍ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി സമരപ്പന്തലില്‍ എത്തിയതെന്നത് ശ്രദ്ധേയമാണ്. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സമരം ഇന്ന് എട്ടാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുംവരെ സമരം തുടരുമെന്ന് കന്യാസ്ത്രീകള്‍ വ്യക്തമാക്കി. ജലന്ധര്‍ ബിഷപ്പിന്റെ ചുമതലയില്‍ നിന്ന് ഫ്രാങ്കോ മാറിയത് താത്ക്കാലികം മാത്രമാണ്. അദ്ദേഹം സ്ഥാനമൊഴിഞ്ഞിട്ടില്ല. സ്വാധീനവും പണവും രാഷ്ട്രീയ പിന്‍ബലവും ഫ്രാങ്കോ മുളയ്ക്കലിന് ഇപ്പോഴുമുണ്ട്. കേരളത്തിലേക്ക് വരുന്നത് കൊണ്ടാണ് ഫ്രാങ്കോ ചുമതലയില്‍ നിന്ന് മാറിനില്‍ക്കുന്നതെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.
തിരിച്ചുവരുന്നത് വരെയുള്ള അധികാരം വികാരി ജനറലിനെ ഏല്‍പ്പിക്കുകയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ചില സമയങ്ങളില്‍ അങ്ങനെയുണ്ടാകാറുണ്ട്. ഇനി ബിഷപ്പ് സ്ഥാനത്ത് നിന്ന് ഫ്രാങ്കോ മാറിയാലും സമരം അവസാനപ്പിക്കില്ല. ഫ്രാങ്കോയുടെ അറസ്റ്റാണ് പ്രധാനം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളവരടക്കം പിന്തുണയുമായി വന്നിട്ടുണ്ട്. വി.എസ്.അടക്കമുള്ളവര്‍ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും. അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ നേരിട്ട് ഇടപെട്ടിട്ടില്ലെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.
വത്തിക്കാന്‍ നേരിട്ട് ഇടപ്പെട്ടതിന്റെ വിവരങ്ങളൊന്നും തങ്ങള്‍ക്ക് കിട്ടിയിട്ടില്ല. എന്നാല്‍ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും സമരസമിതി അംഗങ്ങള്‍ പറഞ്ഞു.
Leave a Comment