ട്രോളര്‍മാരെ ട്രോളി മല്ലികാ സുകുമാരന്‍. സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകളില്‍ ഭൂരിഭാഗവും വെറുപ്പും വിദ്വേഷവും ഉളവാക്കുന്നതാണെന്നാണ് മല്ലിക സുകുമാരന്റെ വാദം. കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ തിരുവനന്തപുരത്തെ മല്ലിക സുകുമാരന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. ഈ അവസരത്തില്‍ താരത്തിന് നേരേ ട്രോള്‍ ആക്രമണം ഉണ്ടായിരുന്നു. ഇതിനെ കുറിച്ചായിരുന്നു ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലെ പ്രതികരണം.
സമൂഹ മാധ്യമങ്ങളിലൂടെ വരുന്ന ട്രോളുകള്‍ കണ്ടപ്പോഴാണ്, കേരളത്തിലെ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്നു ബോധ്യപ്പെട്ടതെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. കഴിവതും ഇതിനോടൊന്നും പ്രതികരിക്കാന്‍ പോകില്ല. ഇനി ട്രോളിലൂടെ ചിലര്‍ക്ക് സന്തോഷം കിട്ടുമെങ്കില്‍ അങ്ങനെ ആകട്ടെയെന്നും മല്ലിക പറയുന്നു. പരിഹസിക്കുന്നവരോട് തനിയ്ക്ക് പറയാനുള്ളത് ഒരു കാര്യമാത്രമാണ്. ആദ്യം നിലപാടില്‍ സത്യസന്ധത വേണം. ഒന്നുകില്‍ ശുദ്ധമായ നര്‍മമായിരിക്കണം അല്ലെങ്കില്‍ കാമ്പുള്ള വിമര്‍ശനങ്ങളായിരിക്കണം. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്ന ട്രോളുകള്‍ വെറുപ്പും വിദ്വേഷവും ഉളവാക്കുന്നതാണ്.
ആദ്യം ട്രോളുകള്‍ രാജുവിന്റേ നേരെയായിരുന്നു. തന്റെ നിലപാടുകള്‍ തുറന്നു പറയുന്നതിന്റെ പേരിലായിരുന്നു ആക്രമണം. അഹങ്കാരി, താന്തോന്നി, എന്നിങ്ങനെയൊക്കെയായിരുന്നു അവനെ വിശേഷിപ്പിച്ചത്. പിന്നീട് ഈ പറഞ്ഞവര്‍ തന്നെ അതെല്ലാം മാറ്റിപ്പറഞ്ഞു. ഇപ്പോള്‍ കുറച്ചു നാളുകളായി എന്റെ നേര്‍ക്ക് തിരിഞ്ഞിരിക്കുകയാണ് എന്നും അവര്‍ പറഞ്ഞു.