പീഡന പരാതിയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നു ജലന്തര്‍ ബിഷപ്

കോട്ടയം: പോലീസ് ചോദ്യം ചെയ്യലിനായി 19ന് മുന്‍പ് കേരളത്തില്‍ എത്തുമെന്നും കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും ആവര്‍ത്തിച്ച് ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍. പൊലീസിന്റ നോട്ടിസ് പ്രകാരം ബുധനാഴ്ച ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാകും. ഇതിനായി 19–ാം തീയതിക്ക് മുന്‍പായി കേരളത്തിലെത്തുമെന്നാണ് ബിഷപ് അറിയിച്ചിരിക്കുന്നത്.

അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കും. കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. ജലന്തര്‍ ബിഷപ്പിനെതിരായ പീഡനക്കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയിലാണ് പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഈമാസം പത്തൊന്‍പതിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ബിഷപ്പിന് നോട്ടിസയച്ചതായി പൊലീസ് കോടതിയെ അറിയിക്കും. സാക്ഷികളുടെ മൊഴിയിലടക്കം വൈരുധ്യങ്ങളുള്ളതാണ് അറസ്റ്റ് വൈകാന്‍ കാരണമെന്നാണു പൊലീസിന്റെ വാദം.

ശാസ്ത്രീയ തെളിവുകളുടെ അഭാവവും പൊലീസിനു തിരിച്ചടിയാവുകയാണ്. ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷമേ അറസ്റ്റില്‍ തീരുമാനമെടുക്കൂ. കഴിഞ്ഞതവണ കേസ് പരിഗണിച്ച ഹൈക്കോടതി കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ അന്വേഷണം എന്തുകൊണ്ട് ഇതുവരെ പൂര്‍ത്തിയാക്കിയില്ലെന്ന് ആരാഞ്ഞിരുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.
പൊലീസ് അന്വേഷണം പ്രഹസനമാണെന്നും പ്രതികളെ സംരക്ഷിക്കാനാണു പൊലീസ് ശ്രമിക്കുന്നതെന്നുമാണു ഹര്‍ജിയിലെ വാദം. അതിനിടെ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ആറാംദിവസത്തിലേക്കു കടന്നു. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് സമൂഹത്തിന്റെ നാനാതുറകളില്‍നിന്ന് കൂടുതല്‍ പേര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7