ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചന! കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുദ്ധ്യം; കന്യാസ്ത്രീയെ തെറ്റുകാരിയാക്കാന്‍ നാല് പേജ് വാര്‍ത്താ കുറിപ്പുമായി ജലന്ധര്‍ രൂപത

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ ബിഷപ്പിനും സഭയ്ക്കും എതിരേ ചിലര്‍ നടത്തുന്ന ഗൂഡാലോചനയെന്ന് ജലന്ധര്‍ രൂപത. സഭയെയും ബിപ്പിനെയും ഇല്ലായ്മ ചെയ്യാനാണ് നീക്കമാണ് ഇതെന്നും ബിഷപ്പിനെതിരേ ആരോപണം തെളിയും വരെ മാധ്യമങ്ങള്‍ മിതത്വം വേണമെന്നും കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും രൂപത പുറത്തു വിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു.

നാലു പേജുള്ള പ്രസ്താവനയില്‍ കേസില്‍ ബിഷപ്പ് മുമ്പ് നടത്തിയിട്ടുള്ള ന്യായീകരണങ്ങളാണ് രൂപത ആവര്‍ത്തിച്ചിരിക്കുന്നത്. മറ്റൊരാളുടെ ഭാര്യ നല്‍കിയ ലൈംഗികാരോപണത്തില്‍ കന്യസ്ത്രീയ്ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചതാണ് ബിഷപ്പിനെതിരേ തിരിയാന്‍ കാരണമെന്നാണ് രൂപത പറയുന്ന ന്യായീകരണം. കന്യാസ്ത്രീയുടെ ആരോപണം തെറ്റാണെന്ന് തെളിയിക്കാന്‍ ഏഴ് കാരണങ്ങളാണ് നിരത്തിയിരിക്കുന്നത്.

ആദ്യമായി തന്നെ പീഡിപ്പിച്ചു എന്ന് കന്യാസ്ത്രീ പറയുന്ന 2014 മെയ് 15 ന് കുറവിലങ്ങാട് മഠത്തില്‍ താമസിച്ചിട്ടില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. അന്ന് ഇവിടെ എത്തിയെങ്കിലും കുറേ ദൂരത്തുള്ള മറ്റൊരു മഠത്തിലാണ് താമസിച്ചതെന്നും ഇക്കാര്യം പിതാവ് താമസിച്ച മഠത്തിലെ സിസ്റ്റര്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പറയുന്നു. ആദ്യം പീഡിപ്പിച്ചെന്ന് പറയുന്നതിന്റെ പിറ്റേന്ന് സഹോദരിയുടെ മകളുടെ ആദ്യ കുര്‍ബാന ചടങ്ങില്‍ പരാതിക്കാരി ബിഷപ്പിനെ സ്വീകരിച്ചെന്നും ഭക്ഷണവും മറ്റും നല്‍കി സന്തോഷത്തോടെ ചിരിച്ചു കളിച്ചു ഇടപെട്ടെന്നും ഇക്കാര്യം ചടങ്ങിന്റെ വീഡിയോയും ദൃശ്യങ്ങളും പരിശോധിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലാകുമെന്നും പറയുന്നു. 2014-16 കാലത്ത് കേരളത്തില്‍ നടന്ന മുപ്പതിലധികം പരിപാടികളില്‍ ബിഷപ്പിനൊപ്പം പരാതിക്കാരി പങ്കെടുത്തിട്ടുണ്ടെന്നും കാറില്‍ സഞ്ചരിച്ചിട്ടുണ്ടെന്നും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഇങ്ങിനെ സംഭവിക്കുമായിരുന്നോ എന്നും രൂപത ചോദിക്കുന്നു.

കോണ്‍ഗ്രിഗേഷന്‍ നിയമം അനുസരിച്ച് ഒരു കന്യാസ്ത്രീയ്ക്ക് ഒരു പരുഷന്റെ മുമ്പില്‍ തനിച്ച് ചെല്ലാനാകില്ല. അങ്ങിനെയുള്ളപ്പോള്‍ ബിഷപ്പിന് മുമ്പില്‍ പരാതിക്കാരി ഗസ്റ്റ് റൂമില്‍ തനിച്ചു ചെന്നു എന്ന വാദം വിശ്വസിക്കാന്‍ കഴിയുന്നതല്ലെന്നതാണ് മൂന്നാമത്തെ കാരണമായി പറഞ്ഞിരിക്കുന്നത്. പരാതിക്കാരിക്കെതിരേ മറ്റൊരു സ്ത്രീ അവരുടെ ഭര്‍ത്താവുമായി അവിഹിതബന്ധം നില നിര്‍ത്തിയിരുന്നതായി ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. ഭര്‍ത്താവിന്റെ മൊബൈലില്‍ നിന്നും ഇവരുടെ ദൃശ്യങ്ങളും നടത്തിയ സംഭാഷണങ്ങളുടെ വിശദാംശങ്ങളും മനസ്സിലാക്കിയ ഭാര്യ ഇക്കാര്യത്തില്‍ മഠത്തിന് പരാതിനല്‍കി.

ഈ പരാതി മദര്‍ സുപ്പീരിയര്‍ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് ബിഷപ്പ് അന്വേഷണ കമ്മീഷനെ വെച്ചെന്നും അത് അറിഞ്ഞത് മുതല്‍ കന്യാസ്ത്രീയ്ക്ക് ബിഷപ്പിനോട് വൈരാഗ്യമായെന്നും പറയുന്നുണ്ട്. അതിന് ശേഷം ഇവര്‍ ബിഷപ്പിന്റെ ശത്രുവായി മാറിയ ഇവര്‍ ബിഷപ്പിനൊപ്പം പോയിട്ടില്ലെന്നും പരാതി ക്ക് ഒരുമാസം മുമ്പാണ് കൂട്ടത്തില്‍ അവസാനമായി സഞ്ചരിച്ചതെന്നും പറയുന്നു.

നിയമപ്രകാരം കുറവിലങ്ങാട് മഠത്തില്‍ താമസിക്കാന്‍ അനുവാദമുള്ള ബിഷപ്പ് പീഡിപ്പിച്ചു എന്നതിന് തെളിവായി പരാതിക്കാരി നല്‍കിയിട്ടുള്ളത് മഠത്തിലെ ലോഗ് ബുക്ക് എന്‍ട്രീസാണ്. എന്നാല്‍ ഇത് കൈവശം ഉണ്ടായിരുന്ന പരാതിക്കാരി എന്‍ട്രി പ്രകാരം ബിഷപ്പ് മഠത്തില്‍ ഉണ്ടായിരുന്ന ദിവസങ്ങള്‍ എന്‍ട്രീസില്‍ നിന്നും തപ്പിയെടുത്താണ് പരാതിയില്‍ സൂചിപ്പിച്ചിരിക്കുന്നതെന്നും രൂപത ആരോപിക്കുന്നുണ്ട്.

കന്യസ്ത്രീയുമായി ലൈംഗിക ബന്ധം ആരോപിക്കപ്പെടുന്ന പുരുഷന്‍ കുറവിലങ്ങാട് മഠത്തില്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എന്ന വ്യാജേനെ നാലു ദിവസം നിയമ വിരുദ്ധമായി താമസിച്ചതായി സ്ഥിരീകരിക്കുന്ന രേഖകള്‍ രൂപത നിയോഗിച്ച അന്വേഷണകമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും പറയുന്നുണ്ട്. ബിഷപ്പിന് നേരെ കന്യാസ്ത്രീയുടെ മൗനാനുവാദത്തോടെ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും ബാഹ്യശക്തികളും ഉള്‍പ്പെട്ട സംഘം 2018 ല്‍ ഉയര്‍ത്തിയ വധഭീഷണി സംബന്ധിച്ച പരാതി കോട്ടയം പോലീസ് അധികാരികള്‍ക്ക് മുന്നിലുണ്ട്. ഈ പരാതിയില്‍ മൊഴിയെടുക്കാനായി വിളിച്ചപ്പോഴാണ് കന്യാസ്ത്രീ ആദ്യമായി കപട ആരോപണം ഉന്നയിച്ചതെന്നും പറയുന്നു. 2014 ല്‍ നടന്ന സംഭവം 2018 ജൂണ്‍ 21 വരെ പോലീസിനെ മറച്ചു വെച്ചത് സഭയില്‍ നിന്നും നീതി ലഭിക്കുമെന്ന കരുതിയാണ് എന്ന ആദ്യ മൊഴി രൂപതയിലെ ഉന്നതര്‍ തള്ളിയതാണെന്നും അപമാനം ഭയന്നാണ് അറിയിക്കാതിരുന്നതെന്ന് മൊഴി മാറ്റുന്ന സ്ഥിതി കണ്ടതാണെന്നും പറയുന്നുണ്ട്.

അതേസമയം കേസില്‍ ആദ്യം തൊട്ട് നിസ്സംഗത പാലിക്കുന്ന പോലീസിന് മേല്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള സമ്മര്‍ദ്ദം മുറുകകയാണ്. കേസില്‍ പരാതിക്കാരിക്ക് പിന്തുണയുമായി ഏതാനും കന്യാസ്ത്രീകള്‍ പരസ്യമായി പ്രതിഷേധിച്ചതും അത് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഏറ്റെടുക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ കൈവിട്ട് പോയി. പൊതുസമൂഹവും ഇപ്പോള്‍ കേസ് ഏറ്റെടുത്തതോടെ ഹാജരാകാന്‍ ആവശ്യപ്പെട്ട് നാളെ പോലീസ് നോട്ടീസ് അയയ്ക്കുമെന്നാണ് സൂചനകള്‍. ഏറ്റുമാനൂരില്‍ ചോദ്യം ചെയ്യാനാണ് ഉദ്ദേശം.

Similar Articles

Comments

Advertismentspot_img

Most Popular